ഇസ്രായേൽ ആക്രമണം; ഗസ്സയിലും ലബനാനിലും പ്രതിസന്ധി കൂടുതൽ വഷളാക്കി -വിദേശകാര്യമന്ത്രി
text_fieldsമസ്കത്ത്: നിരന്തര ഇസ്രായേൽ ആക്രമണം മൂലം ഗസ്സ മുനമ്പിലെയും ലബനാനിലെയും മാനുഷിക പ്രതിസന്ധി കൂടുതൽ വഷളായിക്കൊണ്ടിരിക്കയാണെന്ന് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി പറഞ്ഞു. സൗദി അറേബ്യയിലെ റിയാദിൽ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ഒമാനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെസിഡൻഷ്യൽ അയൽപക്കങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ ബോംബാക്രമണത്തിന്റെയും നശീകരണത്തിന്റെയും വംശഹത്യയുടെയും ദൃശ്യങ്ങൾ മാനവികതയുടെ എല്ലാ മാനദണ്ഡങ്ങൾക്കും അതീതമാണ്.
ദുരിതാശ്വാസ സഹായം എത്തിക്കുന്നത് എളുപ്പമാക്കുന്നതിന് ഇടനാഴികൾ തുറക്കുന്നതിന് സംയുക്ത പ്രവർത്തനത്തിന് ഈ ദൃശ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഗസ്സ മുനമ്പിൽ ഉടനടി വെടിനിർത്തണമെന്നും ലബനാനിലെ ഇസ്രായേലിന്റെ ശത്രുതാപരമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ഒമാൻ ശക്തമായി വീണ്ടും ആവശ്യപ്പെടുകയാണ്. ആവർത്തിച്ചുള്ള ഈ ലംഘനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം നടത്തണം.
സമാധാനത്തിന്റെ അടിസ്ഥാനം നീതിയാണ്, ഈ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനുള്ള ഏക മാർഗം ഉത്തരവാദിത്തമാണ്. ഫലസ്തീനിലെയും ലബനാനിലെയും ദാരുണമായ സാഹചര്യം പ്രാദേശിക സ്ഥിരതയെ മൊത്തത്തിൽ ഭീഷണിയാകുന്നുണ്ട്. സത്യത്തിലും നീതിയിലും അധിഷ്ഠിതമായ സമഗ്രമായ കാഴ്ചപ്പാട് വികസിപ്പിക്കുക മാത്രമാണ് മേഖലയിൽ സ്ഥിരത കൈവരിക്കാനുള്ള ഏക മാർഗമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കുന്നതിന് ഒരു അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കുന്നതിനെക്കുറിച്ച് സൗദി അറേബ്യ ആരംഭിച്ച സംരംഭത്തിന് ഒമാന്റെ എല്ലാ പിന്തുണയും അറിയിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പ്രായോഗിക നടപടികൾ കൈകൊള്ളേണ്ടതിന്റെ പ്രാധാന്യം ഊന്നി പറഞ്ഞ സയ്യിദ് ബദർ, ഫലസ്തീൻ രാഷ്ട്രത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം സാക്ഷാത്കരിക്കുകയാണ് ആദ്യപടിയെന്നും കൂട്ടിച്ചേർത്തു.
ഉച്ചകാടിയിൽ സയ്യിദ് ബദർ രാജാക്കന്മാർക്കും രാജ്യ നേതാക്കൾക്കും പ്രതിനിധി സംഘത്തലവന്മാർക്കും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകളും അറിയിച്ചു.
ഉച്ചകോടിയിലെ ഒമാന്റെ പ്രതിനിധി സംഘത്തിൽ സൗദി അറേബ്യയിലെ ഒമാൻ അംബാസഡറും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒ.ഐ.സി) ഒമാന്റെ സ്ഥിരം പ്രതിനിധിയുമായ ഫൈസൽ ബിൻ തുർക്കി അൽ സഈദ്, ഈജിപ്തിലെ ഒമാൻ അംബാസഡറും അറബ് ലീഗിലെ ഒമാന്റെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിൻ നാസർ അൽ റഹ്ബി, വിദേശകാര്യ മന്ത്രാലയത്തിലെ അറബ് ഡിപ്പാർട്ട്മെന്റ് മേധാവി ഷെയ്ഖ് ഫൈസൽ ബിൻ ഉമർ അൽ മർഹൂൻ, മറ്റ് ഉദ്യോഗസ്ഥരുമായിരുന്നു ഉൾപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.