ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണം -ഒമാൻ
text_fieldsമസ്കത്ത്: ഫലസ്തീൻ ജനതക്കെതിരെ യുദ്ധത്തിന് ഇസ്രായേൽ നടത്തുന്ന എല്ലാ ന്യായീകരണങ്ങളെയും നിരസിച്ച ഒമാൻ, ഇസ്രായേൽ സൈനിക നടപടികൾ അന്താരാഷ്ട്ര നിയമങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും എതിരാണെന്നും അഭിപ്രായപ്പെട്ടു. ഒ.ഐ.സി അംഗരാജ്യങ്ങളുടെ പാർലമെന്ററി യൂനിയന്റെ (പി.യു.ഐ.സി ) ഫലസ്തീനിലെ സ്ഥിരം സമിതിയുടെ അഞ്ചാമത്തെ അടിയന്തര യോഗത്തിൽ ഒമാനെ പ്രതിനിധാനം മജ്ലിസ് ശൂറയുടെ ഡെപ്യൂട്ടി ചെയർമാൻ താഹിർ ബിൻ മബ്ഖൗത്ത് അൽ ജുനൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏഷ്യൻ പാർലമെന്ററി അസംബ്ലിയിലെ (എ.പി.എ) ഫലസ്തീൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ഇറാനിലെ തെഹ്റാനിലായിരുന്നു യോഗങ്ങൾ നടന്നത്.
പി.യു.ഐ.സി അടിയന്തര മീറ്റിങിൽ, ഗസ്സ മുനമ്പിലെ നിരന്തരമായ ഇസ്രായേൽ ആക്രമണത്തെ അപലപിക്കുന്ന ഒമാൻ സർക്കാറിന്റെയും ജനങ്ങളുടെയും നിലപാട് ആവർത്തിച്ച അൽ ജുനൈബി, ഉടനടി വെടിനിർത്തലിന്റെയും മാനുഷിക സഹായം എത്തിക്കുന്നതിന്റെയും ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഗസ്സ മുനമ്പിലെ ഇസ്രായേൽ ആക്രമണത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് രണ്ട് യോഗങ്ങളും ചർച്ച ചെയ്തു.
ഗസ്സ: വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചു
മസ്കത്ത്: ഗസ്സയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി, അറബ് സ്റ്റേറ്റ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത് എന്നിവരുമായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി ഫോണിൽ സംസാരിച്ചു. രണ്ട് വ്യത്യസ്ത ഫോൺകോളുകളിലായി നടന്ന ചർച്ചയിൽ ഗസ്സമുനമ്പിലെ സംഭവങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്തു.
ഗസ്സ മുനമ്പിൽ ഫലസ്തീൻ ജനത കടന്നുപോകുന്ന ദാരുണവും മാനുഷികവുമായ സാഹചര്യം, ഇസ്രായേൽ ആക്രമണം തടയാനുള്ള നിരന്തരമായ ശ്രമങ്ങളും അത് അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ, അടിയന്തര ഭക്ഷണവും മെഡിക്കൽ സൗകര്യങ്ങളും എത്തിക്കൽ തുടങ്ങിയ വിവിധ കാര്യങ്ങൾ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.