ഗസ്സയിലെ ഇസ്രായേൽ ആക്രമണം, വെടിനിർത്തൽ: വിദേശകാര്യ മന്ത്രി ഹമാസ് തലവനുമായി ചർച്ചചെയ്തു
text_fieldsമസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ മേധാവി ഇസ്മായിൽ ഹനിയ ഫോണിൽ വിളിച്ചു സംസാരിച്ചു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ അൽ മവാസി മേഖലയിൽ സിവിലിയന്മാരെ ലക്ഷ്യമിട്ട് അടുത്തിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ മരണത്തിനും പരിക്കിനും ഇത് കാരണമായി.
ഇരു വിഭാഗങ്ങളിൽനിന്നും തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് യു.എൻ, ഖത്തർ, ഈജിപ്ത് എന്നിവയുൾപ്പെടെ ഗസ്സ വെടിനിർത്തൽ മധ്യസ്ഥർ തമ്മിലുള്ള ചർച്ചകളും സംഭാഷണത്തെക്കുറിച്ചും സംസാരിച്ചു. ഫലസ്തീനിനോടുള്ള ഒമാന്റെ പൂർണ പിന്തുണ അൽ ബുസൈദി ആവർത്തിച്ചു പറയുകയും ചെയ്തു. സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും ആവശ്യമായ മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ നൽകുന്നതിനും അടിയന്തര അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഫലസ്തീൻ വിഷയത്തിൽ ഒമാന്റെ ഉറച്ച പിന്തുണക്ക് ഇസ്മായിൽ ഹനിയ്യ നന്ദി അറിയിച്ചു. ഹമാസ് നേതൃത്വം അമേരിക്കയുടെ നിർദിഷ്ട വെടിനിർത്തൽ കരട് അംഗീകരിച്ചതായും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ചതായും ഹനിയ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.