യമനിലെ ഇസ്രായേൽ ആക്രമണം: മേഖലയിലെ സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തും -ഒമാൻ
text_fieldsമസ്കത്ത്: യമനിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഒമാൻ. ഇത് പ്രാദേശിക സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കും. മേഖലയിൽ സംഘർഷം അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ഫലസ്തീൻ ജനതയുടെ നീതിയുടെ നേട്ടം ഇല്ലാതാക്കാൻ ഇട വരുത്തുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശികവും അന്തർദേശീയവുമായ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും സിവിലിയൻമാരെ സംരക്ഷിക്കുന്നതിനും ഗസ്സ മുനമ്പിലേക്ക് അടിയന്തര മാനുഷിക സഹായം ലഭ്യമാക്കുന്നതിനും നിർണായക നടപടികൾ കൈക്കൊള്ളാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
ഹൂതി നിയന്ത്രിത യമനിലെ ഹുദൈദ് പട്ടണത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ മരിക്കുകയും 80ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഹൂതി നടത്തുന്ന സബ വാർത്ത ഏജൻസി ഞായറാഴ്ച പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ ഹൂതി ഡ്രോൺ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചെങ്കടലിലെ ഹൂതി ഇടപെടൽ സൂയസ് കനാൽ വഴിയുള്ള ചരക്കുകടത്തിനെ വൻതോതിൽ ബാധിച്ചിട്ടുണ്ട്.
ഇസ്രായേൽ ബന്ധം സംശയിക്കുന്നെന്ന പേരിൽ നിരവധി കപ്പലുകൾക്ക് നേരെയാണ് ഇവിടെ ആക്രമണമുണ്ടായത്. ഇതോടെ, മിക്ക കപ്പലുകളും വഴിമാറി സഞ്ചരിക്കാൻ നിർബന്ധിതരാണ്. ഇതിനു പിന്നാലെയാണ് ഡ്രോൺ ആക്രമണവും പ്രത്യാക്രമണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.