പ്രവേശന വിസക്കായി പണം വാങ്ങുന്നത് നിയമവിരുദ്ധം –പൊലീസ്
text_fieldsമസ്കത്ത്: ഒമാനിലേക്ക് വരുജന്നവരിൽനിന്ന് പ്രവേശന വിസക്കായി പണമീടാക്കുന്നത് മനുഷ്യക്കടത്താണെന്നും ശിക്ഷാർഹമായ കുറ്റമാണെന്നും റോയൽ ഒമാൻ പൊലീസ്.
പതിവ് ഫീസ് കൂടാതെ ചിലർ വിസക്ക് വേണ്ടി കൂടുതൽ പണം വാങ്ങുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഇക്കാര്യത്തിൽ വ്യക്തതവരുത്തിയത്. വിസ വിൽക്കുകയും ഒരുമിച്ചും ഗഡുക്കളായും ആളുകളിൽനിന്ന് പണമീടാക്കുകയും ചെയ്യുന്ന പ്രവൃത്തി പിഴക്കും ജയിൽശിക്ഷക്കും കാരണമാകുമെന്നും വകുപ്പ് ഡയറക്ടർ ജനറൽ ജമാൽ ഖുറൈശി വ്യക്തമാക്കി. മനുഷ്യക്കടത്തിന് തടവ് 15വർഷം വരെ ലഭിക്കാനുള്ള വകുപ്പാണ് ഒമാനി നിയമം അനുശാസിക്കുന്നത്.
എന്നാൽ വിസ വിൽപനക്കേസുകൾ രാജ്യത്ത് വളരെ കുറഞ്ഞ അളവിലാണുള്ളതെന്നും ഇരകളാക്കപ്പെടുന്ന പലരും പൊലീസിൽ അറിയിക്കാൻ മടികാണിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാരണത്താൽ തന്നെ തട്ടിപ്പുകാരെ പിടികൂടാനും ശിക്ഷിക്കാനും സാധിക്കുന്നില്ല. പണം വാങ്ങുന്നവരും ഇരകളാക്കപ്പെടുന്നവരും പലപ്പോഴും വിദേശികൾ തന്നെയാണ്. പലപ്പോഴും നിയമത്തെ കുറിച്ച അജ്ഞതയും ഇത് റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാൻ കാരണമാകുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യക്കടത്ത് തടയുകയും ജനങ്ങൾക്കിടയിൽ ഇതു സംബന്ധിച്ച് ബോധവത്കരണം നടത്തുകയും എന്ന ഉദ്ദേശ്യത്തോടെ മനുഷ്യക്കടത്തിനെതിരായ ദേശീയ കമ്മിറ്റി 'ഇൻസാൻ' എന്ന പേരിൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. വംശ, ദേശ, വർണ വൈവിധ്യങ്ങൾക്കപ്പുറം മനുഷ്യന് വിലകൽപിക്കണമെന്ന സന്ദേശമാണ് കാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്.
മനുഷ്യക്കടത്ത് സംഭവങ്ങൾ ശ്രദ്ധയിൽപെടുന്നവർ അധികൃതരെ അറിയിക്കേണ്ടതിനെ പറ്റി വിവിധ സമൂഹങ്ങൾക്കിടയിൽ അവബോധം നൽകുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.