ഖത്തറിലെ വിവിധ മേഖലകളിൽ മഴ പെയ്തു
text_fieldsദോഹ: നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വദേശികളുടെയും പ്രവാസികളുടെയും മനസ്സും മണ്ണും നനയിച്ച് ഖത്തറിൽ മഴ പെയ്തിറങ്ങി. വ്യാഴാഴ്ച ഉച്ചയോടെ എത്തിയ മഴക്കു പിന്നാലെ, വൈകുന്നേരവും പലയിടങ്ങളിലായി മഴ തിമിർത്തു പെയ്തു. ഉച്ചക്ക് ശക്തമായ കാറ്റിനൊപ്പമെത്തിയ മഴ ഏതാനും മിനിറ്റുകൾ പെയ്ത ശേഷം ഒഴിഞ്ഞു. പിന്നീട് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് വിവിധ ഇടങ്ങളിൽ കുളിരുപെയ്യിച്ച് മഴയിറങ്ങിയത്.
ഉം സലാൽ, മിസഈദ്, ലുസൈൽ, അൽ വക്റ, അബു ഹമൂർ, ദോഹയുടെ വിവിധ ഭാഗങ്ങൾ തുടങ്ങി രാജ്യത്തിൻെറ വിവിധ മേഖലകളിൽ പെയ്ത മഴചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചാണ് സ്വദേശികളും പ്രവാസികളും മഴയെ വരവേറ്റത്.
കടുത്ത ചൂടിന് ഒക്ടോബർ ആദ്യവാരത്തിൽ തന്നെ കുറവുണ്ടായെങ്കിലും സീസണിലെ ആദ്യ മഴക്കായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. കഴിഞ്ഞ ദിവസങ്ങളിൽ മഴ സാധ്യത പ്രവചിച്ചെങ്കിലും രാജ്യത്തിൻെറ അതിർത്തികളിലും ഒറ്റപ്പെട്ട ചിലയിടങ്ങളിലും ചാറ്റൽ മഴയായി പെയ്ത് അകന്നു.
എന്നാൽ, വ്യാഴാഴ്ച ഉച്ചയോടെയെത്തിയ മഴ, വൈകുന്നേരവും തുടർന്നുമായി എല്ലായിടത്തും മഴപെയ്തുവെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയും ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.