ഇറ്റാലിയൻ ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തി
text_fieldsമസ്കത്ത്: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുമായി ഇറ്റാലിയൻ ക്രൂസ് കപ്പൽ ‘കോസ്റ്റ ഡെലിസിയോസ’ സലാല തുറമുഖത്തെത്തി. 1625 വിനോദസഞ്ചാരികൾ ഉൾപ്പെടെ 2487 പേരാണ് കപ്പലിലുള്ളത്. സീസണിന്‍റെ ഭാഗമായി സലാലയിലെത്തുന്ന ആറാമത്തെ ആഡംബര കപ്പലാണിത്. സഞ്ചാരികൾക്ക് ഊഷ്മള സ്വീകരണം നൽകി. സലാലയിലെ ബീച്ചുകൾ, പരമ്പരാഗത മാർക്കറ്റുകൾ, പുരാവസ്തു, വിനോദസഞ്ചാര, ചരിത്ര സ്മാരകങ്ങൾ എന്നിവ സന്ദർശിച്ചു.
അതേസമയം, ഈ വർഷം സുൽത്താൻ ഖാബൂസ് പോർട്ട്, ഖസബ്, സലാല എന്നീ തുറമുഖങ്ങളിൽ മുപ്പതോളം ക്രൂസ് കപ്പലുകൾ എത്തുമെന്നാണ് കരുതുന്നത്. ഒമാൻ തുറമുഖ അതോറിറ്റിക്ക് നൽകിയ ആഗോള ഷെഡ്യൂളിലാണ് ഇക്കാര്യം പറയുന്നത്. ഇതിലൂടെ ഏകദേശം 1.5 ലക്ഷം സഞ്ചാരികൾ ഒമാനിലെത്തും. കോസ്റ്റ ടോസ്കാന, എ.ഐ.ഡി കോസ്മ, എം.എസ്.സി ഓപറ, മെയിൻ ഷിഫ് ആറ്, ക്വീൻ മേരി രണ്ട്, നോർവീജിയൻ ജേഡ് എന്നിവയാണ് ഈ വർഷം ഒമാൻ തീരങ്ങളിൽ എത്തുന്ന ആഡംബര കപ്പലുകളിൽ ചിലത്.
ശൈത്യകാല സീസണിന്‍റെ ഭാഗമായി നിരവധി കപ്പലുകൾ സുൽത്താൻ ഖാബൂസ് പോർട്ട്, സലാല, ഖസബ് തുറമുഖം എന്നിവിടങ്ങളിൽ എത്തിയിരുന്നു. സീസണിലെ ആദ്യ ആഡംബര കപ്പൽ മെയ് ഷിഫ് കഴിഞ്ഞ വർഷം ഒക്ടോബർ 28ന് സുൽത്താൻ ഖാബൂസ് പോർട്ടിലെത്തി. കോവിഡിന്‍റെ പിടിയിലമർന്ന് വർഷങ്ങളായി വേണ്ടത്ര ഉണർവുണ്ടായിരുന്നില്ല ക്രൂസ് മേഖലയിൽ. എന്നാൽ, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വന്നണഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവർ ഈ സീസണിനെ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.