പുത്തൻ കാഴ്ചകൾ പകർന്ന് ‘ഇതിഹാസം’ അരങ്ങേറി
text_fieldsമസ്കത്ത്: ആസ്വാദനത്തിന്‍റെ പുത്തന അനുഭവങ്ങൾ പകർന്ന് ‘ഇതിഹാസം’ മസ്കത്തിലെ നാടക പ്രേമികൾക്ക് മുന്നിൽ അരങ്ങേറി. മനുഷ്യവംശത്തിനു ഒരിക്കലും മറക്കാനാവാത്ത കഥകള്‍ ഒരു തൂവല്‍ തൂലികയാല്‍ കോറിയിട്ട ഷേക്ക്‌സ്പീയര്‍ എന്ന നാടകകൃത്തിന്റെ ജീവിതമായിരുന്നു അരങ്ങിലെത്തിയിരുന്നത്.
അശോക് ശശി രചന നിര്‍വഹിച്ച നാടക്കം രാജേഷ് ബാലകൃഷ്ണന്‍ ആണ് സംവിധാനം ചെയ്തത്. മസ്കത്തിലെ ഒമാന്‍ ഫിലിംസൊസൈറ്റി ഹാളില്‍ നടന്ന നാടകം ആദ്യാവസാനവരെ സ്വദേശികളേയും വിദേശികളേയും ഒരുപോലെ പിടിച്ച് ഇരുത്തുന്നതായി. ഡോ.ജെ. രത്നകുമാര്‍ ചെയര്‍മാനായും സിയുഹുൽ ഹഖ് ലാരി വൈസ്ചെയര്‍മാനും മന്‍സൂര്‍ അഹമദ് കണ്‍വീനറും ഫിർദൗസ് ജോയിൻറ് കൺവീനറും ആയ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ക്രീയേറ്റീവ് ഇവെന്റ്സും (ഐ.ഒ.സി.ഇ), ഭാവലായ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷനും ഒമാന്‍ തിയേറ്റർ സൊസൈറ്റിയുടെ രക്ഷാകർതൃത്വത്തിൽ ആണ് നാടകം അവതരിപ്പിച്ചത്.
വിവിധ രാജ്യങ്ങളുടെ അംബാസഡർമാരടക്കം കലാരംഗത്തെ സ്വദേശികളായ അനേകം കലാകാരന്മാര്‍ ഈ നാടകം കാണാന്‍ എത്തിയിരുന്നു. ആര്‍ടിസ്റ്റ് സുജാതന്‍ മാസ്റ്ററാണ് രംഗകല ഒരുക്കിയത്. ഒമാനിലെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന കലാകാരന്‍ ബിജു വര്‍ഗീസാണ് ഷേക്സ്പിയറായി വേഷമിട്ടത്. സത്യനാഥ് ഗോപിനാഥ്, ക്രിസ്റ്റിആന്റണി, അജീഷ് വാസുദേവ്, മോഹന്‍രാജ്, പ്രശാന്ത്,സതീഷ്‌കുമാര്‍ അടൂര്‍, രവിന്ദ്രനാഥ് കൈപ്പറത്ത്, ആതിര കൃഷ്ണേന്ദു, ലക്ഷ്മിവൈശാഖ്, ധന്യമനോജ്, വിജി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചു.
കേരളത്തില്‍ 500ല്‍ അധികം സ്റ്റേജുകളില്‍ അരങ്ങേറിയ ഈ നാടകം മസ്കത്തില്‍ അവതരിപ്പിച്ചപ്പോള്‍ അരങ്ങത്തും അണിയറയിലുമായി 40ൽപരം കലാകാരന്മാര്‍ അണിനിരന്നു. നാടകത്തിനു ദീപവിദായനം നടത്തിയത് ജയേഷ്കവിതയാണ്.16ാം നൂറ്റാണ്ടിലെ ലണ്ടന്‍ നാടകശാലകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള വേഷവിധാനങ്ങളായിരുന്നു നാടകത്തിന്റെ മറ്റൊരു പ്രത്യകത. വസ്ത്രാലങ്കാരം: ഷമിഅനില്‍കുമാര്‍, പ്രോപര്‍ട്ടീസ്: റെജി പുത്തൂര്‍,സതീഷ്കുമാര്‍ അടൂര്‍, കേശാലങ്കാരം: ലിഗേഷ് (ഗള്‍ഫ് ഗേറ്റ്), നൃത്ത സംവിധാനം: സൻസെറ്റ് സ്റ്റുണര്‍, ലക്ഷ്മി വൈശാഖ്. അമൃതപാല്‍ സങി, രാജേഷ് കായംകുളം എന്നിവര്‍ അസോസിയേറ്റുകളായും പ്രവര്‍ത്തിച്ചു. വരും ദിവസങ്ങളിൽ ഒമാനിലെ മറ്റ് സ്ഥലങ്ങളിലും നാടകം അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.