ഒമാനിൽ കോവിഡ് എത്തിയിട്ട് ഇന്ന് ഒരു വർഷം
text_fieldsമസ്കത്ത്: ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം. 2020 ഫെബ്രുവരി 24നാണ് ഒമാനിലെ ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇറാനിൽനിന്ന് തിരിച്ചെത്തിയ സ്വദേശി സ്ത്രീകളിലാണ് വൈറസ്ബാധ കണ്ടെത്തുന്നത്. പിന്നീട് ക്രമേണ രോഗബാധ ഉയരുകയായിരുന്നു. ഒരു വർഷം പിന്നിടുേമ്പാൾ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1.39 ലക്ഷം പിന്നിട്ടു. ഇതിൽ 1.31 ലക്ഷത്തിലധികം പേർ രോഗമുക്തരായി. 94 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണസംഖ്യ 1557ലെത്തി നിൽക്കുകയാണ്.
ഇതിൽ 1168 പേർ സ്വദേശികളും 389 പേർ വിദേശികളുമാണ്. കോവിഡ് വാക്സിെൻറ വിതരണവും ഒമാനിൽ പുരോഗമിക്കുകയാണ്. പ്രായമുള്ളവരും ഗുരുതര രോഗബാധിതരുമടക്കം മുൻഗണന പട്ടികയിൽ ഉള്ളവർക്കാണ് വാക്സിൻ നൽകുന്നത്. 297 പേർക്കാണ് ഏറ്റവും പുതിയതായി ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചത്. 295 പേർക്ക് രോഗം ഭേദമായി. രണ്ടുപേർ കൂടി മരിച്ചു. 35 പേരെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 182 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 64 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
കോവിഡ് ചൈനയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തതു മുതൽ ഒമാൻ ആരോഗ്യ മന്ത്രാലയം മുൻകരുതൽ നടപടികൾ തുടങ്ങിയിരുന്നു. വിമാനത്താവളത്തിൽ നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തത് മുതൽ ജാഗ്രതയോടെയും കരുതലോടെയും സ്വദേശികൾക്ക് ഒപ്പം വിദേശികളെയും ചേർത്തുപിടിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഒമാൻ നടത്തിയത്. ഇറാനിലേക്കുള്ള വിമാന സർവിസുകളാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി ആദ്യം നിർത്തിവെച്ചത്. മാർച്ച് ആദ്യംമുതൽ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിത്തുടങ്ങി. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കാണ് ആദ്യം ഏർപ്പെടുത്തിയത്.
മാർച്ച് 11ന് കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽ സുപ്രീം കമ്മിറ്റി രൂപവത്കരിച്ച് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിട്ടു. മാർച്ച് പകുതിയോടെ മുഖാവരണവും സാനിറ്റൈസർ ഉപയോഗവുമടക്കം പ്രതിരോധ നടപടികൾ സ്വദേശികളും വിദേശികളും ശീലമാക്കിത്തുടങ്ങിയിരുന്നു. മാർച്ച് 15 മുതൽ സന്ദർശക വിസക്ക് വിലക്കും ക്രൂയിസ് കപ്പലുകൾക്ക് പ്രവേശനാനുമതി നിഷേധിക്കലും പ്രാബല്യത്തിലായി. പള്ളികളിൽ പ്രാർഥന സമയം കുറക്കാനും മാർച്ച് പകുതിയോടെ നിർദേശം നൽകി. മാർച്ച് 18ഒാടെ ഒമാനികളും ജി.സി.സി പൗരന്മാരും അല്ലാത്തവർക്കും പ്രവേശന വിലക്ക് പ്രാബല്യത്തിലായി. ഇതോടൊപ്പം രാജ്യത്തെ പള്ളികളും ഷോപ്പിങ് മാളുകളിലെയും പരമ്പരാഗത സൂഖുകളിലെയും കടകൾ അടച്ചിടാനും ഹോട്ടലുകളിൽ പാർസൽ മാത്രമാക്കാനും സുപ്രീം കമ്മിറ്റി നിർദേശിച്ചു.
പൊതുഗതാഗത സംവിധാനവും മാർച്ച് 19 മുതൽ നിർത്തിവെച്ചു. മാർച്ച് 22 മുതൽ ഇന്ത്യ വിമാനവിലക്ക് ഏർപ്പെടുത്തി. മണി എക്സ്ചേഞ്ചുകളുടെ അടച്ചിടൽ, ഒത്തുചേരലുകൾക്ക് വിലക്ക്, പത്ര മാധ്യമങ്ങളുടെ പ്രസിദ്ധീകരണം നിർത്തിവെക്കൽ തുടങ്ങിയ നിയന്ത്രണങ്ങളാണ് അടുത്തതായി നടപ്പാക്കിയത്. കമ്പനികളോട് വർക്ക്ഫ്രം ഹോം സംവിധാനം വ്യാപകമാക്കാനും നിർദേശിച്ചു. മാർച്ച് 23 മുതൽ അവശ്യസാധനങ്ങൾ വിൽപന നടത്തുന്നവ ഒഴിച്ച് എല്ലാ കടകളും അടച്ചിടാനും സുപ്രീംകമ്മിറ്റി നിർദേശിച്ചു. മാർച്ച് 29ഒാടെ വിമാനത്താവളം അടക്കാനും തീരുമാനമായി.
ഏപ്രിൽ ഒന്നു മുതൽ ഗവർണറേറ്റുകൾക്കിടയിൽ യാത്ര നിയന്ത്രണവും രോഗവ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മത്രയിൽ െഎസൊലേഷനും നിലവിൽവന്നു. ഏപ്രിൽ ആദ്യവാരത്തിനു ശേഷം മസ്കത്ത് ഗവർണറേറ്റിൽ ലോക്ഡൗണും നിലവിൽ വന്നു. ഏപ്രിൽ ആദ്യമാണ് ഒമാനിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മത്രയിൽ കരകൗശല വസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനത്തിെൻറ ഉടമയായ സ്വദേശി വൃദ്ധനാണ് മരിച്ചത്. ആദ്യ മലയാളി കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏപ്രിൽ അവസാന വാരമാണ്. റൂവിയിൽ ക്ലിനിക്ക് നടത്തുന്ന ഡോ.രാജേന്ദ്രൻ നായരാണ് മരിച്ചത്. മേയ് ആദ്യ വാരം മുതൽ വന്ദേഭാരത് വിമാന സർവിസുകൾ തുടങ്ങിയത് പ്രവാസികൾക്ക് ഏറെ ആശ്വാസമായി. ലോക്ഡൗൺ അടക്കം നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയത് ജൂൺ ആദ്യം മുതലാണ്. ഇതോടെ പ്രതിദിന രോഗികളുടെ എണ്ണവും വർധിച്ചു. ഒക്ടോബറോടെയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ചെറിയ ആശ്വാസ്യം ദൃശ്യമായത്.
ചെറിയ ഇടവേളക്കുശേഷം കോവിഡിെൻറ രണ്ടാം വരവിെൻറ ഭീതിയിലാണ് ഒമാൻ ഇന്ന്. പ്രതിദിന രോഗികളുടെ എണ്ണം ഉയരുകയാണ്. രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി ബീച്ചുകളും പാർക്കുകളും അടച്ചിടൽ, റസ്റ്റാറൻറുകളിൽ പ്രവേശന നിയന്ത്രണം, ഒത്തുചേരലുകൾക്കും പരിപാടികൾക്കും വിലക്ക് തുടങ്ങിയ നടപടികൾ സർക്കാർ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.