തണുപ്പെത്തുന്നു: കൂടാരങ്ങൾ ഉയർന്നുതുടങ്ങി
text_fieldsസുഹാർ: കനത്ത ചൂടിന് വിട നിൽകി രാജ്യം പതിയെ തണുപ്പിലേക്ക് നീങ്ങിയതോടെ ഒമാന്റ വിവിധ പ്രദേശങ്ങളിൽ കൂടാരങ്ങൾ ഉയർന്നുതുടങ്ങി. ഒഴിഞ്ഞ പ്രദേശങ്ങളിലാണ് മനോഹരമായ ടെന്റുകൾ ഒരുങ്ങുന്നത്. ഓരോ വർഷവും ഇവയുടെ എണ്ണവും അലങ്കാരവും സൗകര്യങ്ങളും വർധിച്ചുകൊണ്ടിരിക്കും.
സുഹാറിൽനിന്ന് യങ്കലിലേക്ക് പോകുന്ന റോഡിൽ കുറച്ചു മുന്നോട്ടു പോയാൽ ഇരുഭാഗത്തും ബുറൈമി റോഡിലും സഹം, സനായ ഭാഗങ്ങളിലും റോഡിന് ഇരുവശങ്ങളിലായി മനോഹരമായി നൂറുകണക്കിന് ദീപാലങ്കാരം നടത്തിയ കൂടാരങ്ങൾ കാണാം. തണുപ്പ് കൂടുന്ന നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇവിടം കൂടാര നഗരിയായി മാറും.
തൊട്ടടുത്ത രാജ്യമായ യു.എ.ഇ, ഖത്തർ, സൗദിഅറേബ്യ എന്നിവിടങ്ങളിൽനിന്നുള്ളവർക്കും ഒമാനിൽ നിന്നുള്ളവർക്കും തണുപ്പ് ആസ്വദിക്കാൻ കൂടാരങ്ങൾ വലിയ താൽപര്യമാണ്.
ഒന്നോ രണ്ടോ അതിലധികമോ കുടുംബങ്ങൾക്കോ കൂട്ടമായി വരുന്ന സുഹൃത്തുക്കൾക്കോ അടിച്ചുപൊളിച്ചു രാത്രി വൈകുവോളം കൂടാരത്തിൽ കഴിയാൻ പറ്റും. കുട്ടികൾക്ക് കളിക്കാനും, ഭക്ഷണം പാകം ചെയ്യാനും വിറക് കൂട്ടി തീ കത്തിച്ചു തണുപ്പ് അകറ്റാനും സൗകര്യമുണ്ടാവും.
സ്ത്രീകൾക്കും പുരുഷന്മാർക്കും തമാശകൾ പറയാനും നാട്ടുവർത്തമാനം പറയാനും വിശാലമായ മജിലിസും ഒരുക്കിയിട്ടുണ്ട്. ഓരോ ടെന്റിന്റെയും അകത്തളം വ്യത്യസ്തമായിരിക്കും. സൗകര്യങ്ങളിലെ വ്യത്യാസം നോക്കിയാണ് ഓരോരുത്തരും ബുക്ക് ചെയ്യുന്നത്. സൗകര്യങ്ങൾ സ്റ്റാർ ലെവലിലേക്ക് പോകുന്നതാണെങ്കിൽ വാടക കൂടും.
സാധാരണ തരക്കേടില്ലാത്ത ടെന്റിന് വരാന്ത്യ അവധി ദിവസങ്ങളിലും ദേശീയ ദിന അവധി ദിവസങ്ങളിലും മറ്റു പൊതു അവധി ദിനങ്ങളിലും 60 മുതൽ 75 റിയാൽ വരെ വാടകയുണ്ടാവും. കാലത്ത് മുതൽ രാത്രി 12 മണിവരെയാണ് പ്രവേശന അനുമതി. രാവിലെ മുതൽ ഉച്ചവരെ, ഉച്ചമുതൽ രാത്രിവരെ എന്നിങ്ങനെ വാടകക്ക് ലഭിക്കും.
ദൂരെ ദിക്കുകളിൽനിന്ന് വരുന്നവർ ആഴ്ചകളോളം ഇവിടെ കഴിയും. രാത്രി താമസം മറ്റെവിടെയെങ്കിലും ഏർപ്പാട് ചെയ്യും. സീസൺ സമയത്ത് വാടക കൂടുതൽ ആണെങ്കിലും മറ്റു ദിവസങ്ങളിൽ 35 റിയലിനുവരെ കിട്ടും. മലയാളി കുടുംബങ്ങൾ ഈ സമയത്താണ് ടെന്റുകൾ പ്രയോജനപ്പെടുത്താറുള്ളത്.
നിരവധി സൗഹൃദ കൂട്ടായ്മകളും ബന്ധുക്കളുടെ ഒത്തുചേരലും ഇങ്ങനെ ടെന്റിൽ നടത്തുന്നവരുണ്ട്. പാട്ടുപാടിയും അന്താക്ഷരി കളിച്ചും ഡാൻസ് കളിച്ചും കുടുംബങ്ങൾ ഉല്ലസിക്കും. ചെറിയ ഷെയറിൽ ഭക്ഷണവും വാടകയും ഒത്തുപോകും.
ടെന്റ് നടത്തിക്കൊണ്ടുപോകാൻ നല്ല ചെലവാണെന്ന് ഉടമകൾ പറയും, എയർ കണ്ടീഷണർ, അടുപ്പ്, ഗ്യാസ്, സോഫ, കട്ടിൽ, കാർപ്പെറ്റ്, കുട്ടികളുടെ കളി സ്ഥലം, വെള്ളം, ടോയ്ലെറ്റ്, ടീ.വി, എന്നിങ്ങനെയുള്ള എല്ലാ സൗകര്യവും ഒരുക്കണം. പോയ കാലം പോലെ തണുപ്പ് നവംബർ പകുതിയായിട്ടും ശരിക്കും എത്തിയിട്ടില്ല. തണുപ്പ് കൂടുമ്പോഴാണ് കൂടാരങ്ങളിൽ ആളുകൾ കൂടുതലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.