ചൂട് കൂടി; മത്സ്യക്ഷാമം രൂക്ഷം
text_fieldsമത്ര: രാജ്യത്ത് ചൂട് വർധിച്ചതോടെ മത്സ്യക്ഷാമം രൂക്ഷമായി. മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ കുറയുന്നതും പോയവര്ക്കുതന്നെ ആവശ്യത്തിനുള്ളത് ലഭിക്കാത്തതുമാണ് മത്സ്യക്കുറവനു കാരണമാകുന്നത്. ഓളപ്പരപ്പിലെ വെള്ളം ചുട്ടുപൊള്ളുന്നതിനാല്‍ മത്സ്യങ്ങള്‍ ഉള്‍ക്കടലുകളിലേക്ക് വലിഞ്ഞതാണ് ലഭ്യതക്കുറവിന് കാരണമായി പറയുന്നത്.
മത്സ്യം പിടിക്കാന്‍ പോകുന്നവർ പലപ്പോഴും ഇന്ധനച്ചിലവുപോലും നഷ്ടത്തിലാക്കും വിധം കാലിയായ ബോട്ടുമായാണ് തിരിച്ചുവരുന്നത്. ദിവസങ്ങളായി മത്രയടക്കമുള്ള മത്സ്യ മാർക്കറ്റുകളിലെ തട്ടുകള്‍ കാലിയാണ്. അതിനാൽ മത്സ്യം മുറിച്ച് നല്‍കുന്നവരും വില്ക്കുന്നവരും കയറ്റിറക്ക് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനുബന്ധ തൊഴിലാളികളുമൊക്കെ ജോലിയില്ലാത്ത പ്രയാസത്തിലാണ്. ആവശ്യത്തിന് മത്സ്യം ഇല്ലാത്തതിനാല്‍ ഉള്ള മത്സ്യങ്ങള്‍ക്ക് പൊള്ളും വിലയുമാണ്.
മലയാളികളുടെ ഇഷ്ട ഇനങ്ങളായ അയല, മത്തി, ആവോലി തുടങ്ങിയവയൊന്നും ദിവസങ്ങളായി മാർക്കറ്റിലെ തട്ടുകളിലില്ല. കഴിഞ്ഞദിവസം ഒരു റിയാലിന് ഇരുപത് മത്തി എന്ന നിലയിലുണ്ടായിരുന്നു. അതാകട്ടെ എളുപ്പത്തില്‍ വിറ്റ് തീരുകയും ചെയ്തു. ഉച്ചയൂണിനും മറ്റും മത്സ്യക്കറിയും പൊരിച്ചതുമൊക്കെ ശീലമുള്ള മലയാളികള്‍ക്കാണ് മത്സ്യ ക്ഷാമം ഏറെ പ്രയാസം സൃഷ്ടിച്ചിരിക്കുന്നത്.
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ 50 ഡിഗ്രിക്കടുത്തുവരെ താപനില എത്തിയിരുന്നു.
എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ താപനില 44 ഡിഗ്രിവരെ താഴ്ന്നത് നേരിയ ആശ്വാസം പകരുന്നതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.