ഒമാനിൽ ഇനി മാമ്പഴക്കാലം
text_fieldsസുഹാർ: പ്രവാസികൾക്ക് ഗൃഹാതുരത്വ ഓർമകൾ സമ്മാനിച്ച് സുഹാറിലും പരിസര പ്രദേശങ്ങളിലും മാവുകൾ കായ്ച്ചു. പ്രവാസികളുടെ നാട്ടോർമയിൽ നിന്ന് മാഞ്ഞുപോകാത്ത ചിത്രമാണ് വിളഞ്ഞു നിൽക്കുന്ന മാമ്പഴങ്ങൾ. ഏപ്രിൽ അവസാനത്തിലും മേയ് മാസത്തിലും സുൽത്താനേറ്റിലെ വഴിയോരത്തും കൃഷിയിടങ്ങളിലും വീട്ടുമുറ്റത്തും ഒഴിഞ്ഞ തൊടിയിലും നിറയെ കായ്ചു നിൽക്കുന്ന മാവുകൾ കാണാം. ഒമാന്റെ വളക്കൂറുള്ള മണ്ണിൽ തഴച്ചുവളരുന്ന മാവുകളിൽ നിറയുന്ന മാങ്ങ പ്രവാസികൾക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്.
ഇവിടെനിന്ന് വിളവെടുക്കുന്ന മാങ്ങ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഒമാന്റെ തനത് മാമ്പഴത്തിന് ജി.സി.സി രാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയാണ്. പഴുത്ത മാമ്പഴത്തിന് മേയ്, ജൂൺ മാസങ്ങളിൽ ഒമാൻ വിപണിയിൽ നല്ല വിൽപന ലഭിക്കും. പരമ്പരാഗതമാർക്കറ്റിലും സൂഖിലെ പഴം പച്ചക്കറി കേന്ദ്രത്തിലും മാമ്പഴം ലഭ്യമാകും.
കേരളത്തിന്റെ നാട്ടിലെ പറമ്പിൽ കായ്ക്കുന്ന പോലെതന്നെ അധികം വലുതല്ലാത്ത ചെറിയതരത്തിലുള്ള മാമ്പഴമാണ് ഇവിടെയുള്ളത്. സീസൺ ആകുന്നതോടെ പാതയോരത്തുനിന്ന് മാമ്പഴം വാങ്ങിക്കാൻ കിട്ടും. ഒമാന്റെ പഴം പച്ചക്കറി മാർക്കറ്റിലും സൂപ്പർ മാർക്കറ്റുകളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മധുരവും രുചിയും ഏറെയുള്ള പഴുത്ത വലിയ മാമ്പഴങ്ങൾ വാങ്ങിക്കാൻ ലഭിക്കുമെങ്കിലും, മാവിൽ നിന്ന് പറിച്ചെടുത്ത, ചെറിയ മാമ്പഴത്തിന്റെ രുചി അത് വേറെ തന്നെയാണ്. വരും ദിവസങ്ങളിൽ വലിയ ഹൈപ്പർ മാർക്കറ്റുകളിൽ മാമ്പഴ ഫെസ്റ്റുകളും മാമ്പഴ പ്രദർശനങ്ങളും നടക്കും. കഴിഞ്ഞ വിഷുവിന് പലരും കണിവെച്ചത് ഒമാനിലുണ്ടായ മാങ്ങയാണ്.
1990ൽതന്നെ രാജ്യത്ത് മാവുകൾ വ്യാപമാക്കുന്നതിന് കാർഷിക മന്ത്രാലയം ശ്രമങ്ങൾ നടത്തുകയും ഇത് സംബന്ധമായി ഗവേഷണം നടത്തുകയും ചെയ്തിരുന്നു. ഉന്നത ഗുണ നിലവാരമുള്ള 25 ഇനം മാവുകൾ ഒമാെൻറ മണ്ണിന് അനുയോജ്യമാണെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു.മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്തിലെ ഹൈൽ അൽ ഗാഫ് ഗ്രാമം മാങ്ങാ കൃഷിക്ക് ഏറെ പ്രശസ്തമാണ്. ഗ്രാമത്തിലെ പ്രധാന നാണ്യവിളയാണ് മാവ്. ഇവിടെ ഗുണമേന്മയുള്ളതും മധുരമുള്ളതുമായ മാങ്ങകൾ സുലഭമാണ്. ഇവിടെയുള്ള ഗുണമേന്മയുള്ള പ്രധാന മാങ്ങയാണ് ലുംബ ഹംബ. ഇത് മറ്റ് പേരുകളിലും അറിയപ്പെടുന്നുണ്ട്.
ലുംബ ഹംബ മാങ്ങകൾക്ക് ഒമാനി പ്രാദേശിക മാർക്കറ്റിൽ വൻ ഡിമാന്റാണ്. ഗുണ മേന്മകൂടിയതിനാൽ വലിയ തോതിൽ ഈ ഇനം മാങ്ങ ജനങ്ങൾ ഉപയോഗിക്കുന്നു. പീച്ചസ്, സർസിബാരി, അൽ ബാബ്, അൽ ഹുകും, അൽ ഹാറ, അൽ വഗ്ല, കാംഫോർ, പെപ്പർ, ഹോഴ്സസ്, ഹിലാൽ എന്നിവയാണ് ഒമാനിൽ കണ്ടുവരുന്ന പ്രധാന ഇനം മാവുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.