ജബൽ അഖ്ദർ സന്ദർശിച്ചത് 31,335 പേർ
text_fieldsമസ്കത്ത്: രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളായ ജബൽ അഖ്ദറും റാസൽ ജിൻസും സന്ദർശിച്ചത് 47,368 ആളുകളാണെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. ഈ വർഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളിലെ കണക്കാണിത്. 16,033 പേർ റാസൽ ജിൻസ് ടർട്ടിലും ജബൽ അഖ്ദറിൽ 31,335 ആളുകളുമാണ് എത്തിയതെന്ന് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ജബൽ അഖ്ദറിന്റെ പച്ചപ്പും സവിശേഷമായ കാലാവസ്ഥയും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
വേനൽകാലത്ത് കുറഞ്ഞ വെയിലും ശൈത്യകാലത്ത് നല്ല തണുപ്പും പ്രദേശത്തെ കാലാവസ്ഥയുടെ സവിശേഷതകളാണ്. സഞ്ചാരികൾക്കായി നിരവധി ഹോട്ടൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്കുള്ള പർവതാരോഹണം, പർവത പാതകളിൽ കാൽനടയാത്ര തുടങ്ങിയ കായിക വിനോദങ്ങൾ പരിശീലിക്കാനും ഇവിടെ സൗകര്യങ്ങൾ ലഭ്യമാണ്.
മാതളനാരങ്ങ, മുന്തിരി, ആപ്രിക്കോട്ട്, റോസാപ്പൂവ് തുടങ്ങി നിരവധി കാർഷിക വിളകൾ ജബൽ അഖ്ദർ വിലായത്തിന്റെ വിവിധ ഇടങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജിൻസ് ബീച്ചിലെ റിസർവ്, പച്ച ആമകൾ (ചെലോണിയ മൈഡാസ്) കൂടുണ്ടാക്കുന്ന ലോകപ്രശസ്തമായ സ്ഥലമാണ്. രാജ്യത്തെ ഏറ്റവും അപൂർവമായ പ്രകൃതിദത്ത ഘടകങ്ങളിലൊന്ന് സംരക്ഷിക്കുന്നതിനായി 1996ൽ രാജകീയ ഉത്തരവിലൂടെയാണ് റാസൽ ജിൻസ് റിസർവ് സ്ഥാപിച്ചത്. സംവേദനാത്മക മ്യൂസിയവും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.