സഞ്ചാരികളുടെ മനംനിറച്ച് ജബൽ അഖ്ദർ
text_fieldsമസ്കത്ത്: രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബൽ അഖ്ദറിൽ ഈ വർഷമെത്തിയത് 1,73,655 സന്ദർശകർ. 2023 ഒക്ടോബർ വരെയാണ് ഇത്രയും സഞ്ചാരികൾ എത്തിയതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു.
ഏറ്റവും കൂടുതൽ എത്തിയത് സ്വദേശി പൗരൻമാർതന്നെയാണ്. 92,827 ഒമാനി പൗരൻമാരാണ് ജബൽ അദ്ഖറിന്റെ സൗന്ദര്യം നുകരാനെത്തിയത്. 12,356 സൗദി പൗരന്മാരും 1,037 കുവൈത്തികളുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്നത്. ജബൽ അഖ്ദറിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് ഒമാനിലെ ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് നല്ല സൂചനയാണ് നൽകുന്നത്.
പർവതനിരയുടെ ജനപ്രീതി പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുമെന്നും ബിസിനസുകൾക്ക് വരുമാനം ഉണ്ടാക്കാമെന്നും വിലായത്ത് നിവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കരുതുന്നത്.
താപനിലയിൽ പ്രകടമായ മാറ്റംവന്നതോടെ വരുംമാസങ്ങളിൽ കൂടുതൽ സഞ്ചാരികകൾ ജബൽ അഖ്ദറിന്റെ മടിത്തട്ടിലേക്ക് ഒഴുകും. അൽഹജർ പർവതനിരയുടെ ഭാഗമായ ജബൽ അഖ്ദറിൽ വേനൽക്കാലത്തുപോലും 20നും 30നും ഇടയിലായിരിക്കും താപനില. ആപ്രിക്കോട്ട്, പ്ലംസ്, അത്തിപ്പഴം, മുന്തിരി, ആപ്പിൾ, പേര, ബദാം, വാൽനട്ട്, കുങ്കുമം, റോസാപ്പൂവ് തുടങ്ങി നിരവധി കാർഷിക വിളകൾ ജബൽ അഖ്ദർ വിലായത്തിന്റെ വിവിധ ഇടങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്.
വിവിധ അറബ്, ഏഷ്യ, യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുരാതന ആരാധനാലയങ്ങളും വിലായത്തിലെ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്നു. ഇവിടെ വളരുന്ന മാതളനാരങ്ങകൾ ലോകത്തിലെ ഏറ്റവും മികച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഇവിടത്തെ പച്ചപ്പും സവിശേഷമായ കാലാവസ്ഥയും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. വേനൽക്കാലത്തെ കുറഞ്ഞ വെയിലും ശൈത്യകാലത്ത് നല്ല തണുപ്പും പ്രദേശത്തെ കാലാവസ്ഥയുടെ സവിശേഷതകളാണ്.
സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്കുള്ള പർവതാരോഹണം, പർവതപാതകളിൽ കാൽനടയാത്ര തുടങ്ങിയ കായിക വിനോദങ്ങൾ പരിശീലിക്കാനും സൗകര്യങ്ങൾ ലഭ്യമാണ്. വിവിധ അറബ്, ഏഷ്യ, യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുരാതന ആരാധനാലയങ്ങളും വിലായത്തിലെ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്നു. സുൽത്താനേറ്റിലെ ഇക്കോ ടൂറിസത്തിനും സാഹസിക വിനോദസഞ്ചാരത്തിനും പേരുകേട്ട സ്ഥലമാണ് ജബൽ അഖ്ദർ. വിലായത്തിലെ പ്രാദേശിക സംസ്കാരത്തെ അടുത്തറിയാൻ സഹായിക്കുന്ന താഴ്വരകളിലെ നടത്തം, ഗുഹകൾ സന്ദർശിക്കുക, പർവത കയറ്റം പരിശീലിക്കുക തുടങ്ങി വിവിധ വിനോദങ്ങൾ ആസ്വദിക്കാം.
സഞ്ചാരികൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി ജബൽ അഖ്ദറിലെ അൽ സുവ്ജര ഗ്രാമത്തിൽ ഹെറിറ്റേജ് ലോഡ്ജ് പ്രവർത്തിപ്പിക്കുന്നതിന് പൈതൃക വിനോദസഞ്ചാര മന്ത്രാലയം ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ഗ്രാമത്തിലേക്കുള്ള പാത പുനരുദ്ധരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നവംബറിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 450 വർഷത്തിലധികം പഴക്കമുള്ള ഗ്രാമമാണ് സുവ്ജര. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,900 മീറ്റർ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്. വേനൽക്കാലത്തും ശൈത്യകാലത്തും ശാന്തമായ കാലാവസ്ഥയാണ് ഇവിടത്തെ പ്രത്യേകത. 60 ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്.
ഈ പ്രദേശത്തേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രതീക്ഷകൾക്കൊത്ത പദ്ധതികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. പ്രദേശത്തെ ജനങ്ങൾ നൽകുന്ന 11 മുറികളും ഭക്ഷണസേവനവുമാണ് ലോഡ്ജിൽ ഉൾപ്പെടുന്നത്. വിനോദസഞ്ചാരികളുടെ അഭിരുചിക്കനുസരിച്ച് ഒമാനി ഭക്ഷണവും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾക്ക് വരുമാന മാർഗവും ഇതിലൂടെ ലഭിക്കും. ഇരിപ്പിടങ്ങൾ, ഇൻഫർമേഷൻ പാനലുകൾ എന്നിവ ഉൾപ്പെടുന്ന പ്രദേശത്തിന്റെ വികസന പദ്ധതി 500 മീറ്ററിലാണ് നടക്കുന്നത്. ഇതിന്റെ 75 ശതമാനം പൂർത്തിയായിട്ടുണ്ട്. ചില മരങ്ങളെ കുറിച്ച് അറിയാനായി ഒരുക്കിയ വിവര പാനലുകൾ സന്ദർശകർക്ക് ഗുണകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.