ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ: ശ്രദ്ധേയമായി ഹൈക്കിങ്ങും സൈക്ലിങ്ങും
text_fieldsമസ്കത്ത്: ജബൽ അൽ അഖ്ദർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഹൈക്കിങ്ങിലും സൈക്ലിങ്ങിലും ശ്രദ്ധേയ പങ്കാളിത്തം. ഫെസ്റ്റിവലിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് സാഹസികമായ മലകയറ്റത്തിന് അവസരമൊരുക്കി ഹൈക്കിങ് സംഘടിപ്പിച്ചത്.
അൽ അഖ്ദർ ഗ്രാമത്തിൽനിന്ന് രാവിലെ എട്ടിന് മലകയറ്റം തുടങ്ങി. ദഖിലിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ച് അൽ സുമൂദ് അഡ്വഞ്ചേഴ്സ് ടീമാണ് ഹൈക്കിങ് സംഘടിപ്പിച്ചത്. ജബൽ അഖ്ദറിന്റെ മനോഹര കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഹൈക്കിങ് റൂട്ടുകൾ സംഘാടകർ ഒരുക്കിയത്.
അൽ അഖ്ദർ ഗ്രാമത്തിൽനിന്ന് തുടങ്ങി അൽ ഐൻ, അൽ ശരിജ ഗ്രാമങ്ങളിലെത്തിച്ചേർന്ന് പിന്നീട് തുടക്ക സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. രണ്ടു റിയാൽ നൽകി രജിസ്ട്രേഷൻ ഫീസ് അടച്ചാണ് പ്രതിനിധികൾ പങ്കെടുത്തത്.
ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ശനിയാഴ്ച നടന്ന സൈക്ലിങ് മത്സരത്തിൽ നിരവധിപേർ പങ്കാളികളായി. ഒമാനി സൈക്ലിങ് ഫെഡറേഷനും ജബൽ അഖ്ദർ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പരിപാടി ഒരുക്കിയത്. പുരുഷ വിഭാഗം മത്സരത്തിൽ ശബീബ് അൽ ബലൂഷി, യഹ്യ അൽ ഖാസിമി, സഈദ് അൽ അബ്രി എന്നിവരും വനിത വിഭാഗത്തിൽ താര അക്തിൻസനും വിജയികളായി.
ഈ മാസം 19വരെ നീളുന്ന ഫെസ്റ്റിവലിൽ വിവിധ പ്രായത്തിലുള്ളവരെ ആകർഷിക്കുന്ന നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഹെയ്ൽ യെമൻ പാർക്കിന് സമീപത്തും സെയ്ഹ് ഖത്താനയിലുമാണ് ഫെസ്റ്റിവലിന്റെ പ്രധാന ചടങ്ങുകൾ അരങ്ങേറുന്നത്. അൽ ദാഖിലിയ ഗവർണറുടെ ഓഫിസും ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയവും സഹകരിച്ചാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.
പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന മേള, ജബൽ അൽ അഖ്ദറിന്റെയും ഒമാന്റെയും സാംസ്കാരിക പൈതൃകത്തെയും പ്രകൃതി ഭംഗിയെയും ആഘോഷിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.