യമനിലെ ക്രിയാത്മക ഇടപെടൽ ജിദ്ദ സുരക്ഷ ഉച്ചകോടിയിൽ ഒമാനെ അഭിനന്ദിച്ച് ജോ ബൈഡൻ
text_fieldsമസ്കത്ത്: യമനിൽ രാഷ്ട്രീയ പരിഹാരം കാണാൻ ഒമാനും സൗദി അറേബ്യയും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ശനിയാഴ്ച സൗദി അറേബ്യയിൽ നടന്ന ജിദ്ദ സുരക്ഷ വികസന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവ ഉൾപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു ബൈഡൻ ജിദ്ദയിലെത്തിയത്. ഈജിപ്ത്, ഇറാഖ്, ജോർഡൻ എന്നീ രാജ്യങ്ങളിലെ നേതാക്കളും സംബന്ധിച്ചു.
അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണത്തിന്റെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദാണ് ഉച്ചകോടിയിൽ സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിയ സയ്യിദ് അസദിനെയും പ്രതിനിധി സംഘത്തെയും സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് സ്വീകരിച്ചു. വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ, ഒമാനിലെ സൗദി അറേബ്യയുടെ അംബാസഡർ അബ്ദുല്ല ബിൻ സൗദ് അൽ ഇനേസി, സൗദി അറേബ്യയിലെ നിരവധി ഉദ്യോഗസ്ഥർ, സൗദി അറേബ്യയിലെ ഒമാൻ എംബസിയിലെ അംഗങ്ങളും എന്നിവരും സ്വീകരണ സംഘത്തിലുണ്ടായിരുന്നു.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി, ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർസഈദ് ബിൻ ഹമൂദ് അൽ മവാലി, സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ ഫൈസൽ ബിൻ തുർക്കി അൽ സഈദ്, ഉപ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉപദേശകരായ ഖലീഫ ബിൻ ഹമദ് അൽ ബാദി, സെയ്ഫ് ബിൻ അഹ്മദ് അൽ സവാഫി, മറ്റ് ഉദ്യോഗസ്ഥരുമായിരുന്നു ഒമാന്‍റെ ഔദ്യോഗിക പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.