ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വനിത വോളിബാൾ ടൂർണമെന്റ്
text_fieldsമസ്കത്ത്: രാജ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എല്ലാവർഷവും സംഘടിപ്പിക്കുന്ന വനിത വോളിബാൾ ടൂർണമെന്റിന്റെ മൂന്നാം സീസൺ ആഗസ്റ്റ് 16ന് നടക്കും. ഒമാനിലെ ഫിലിപ്പീൻസ് അംബാസഡർ റൗൾ എസ്. ഹെർണാണ്ടസ് ടൂർണമെന്റ് ഉദ്ഘാടനം നിർവഹിക്കും. ബോഷർ ക്ലബ്ബിൽ വെച്ച് രാവിലെ ഒമ്പത് മണിമുതലായിരിക്കും ടൂർണമെന്റ് നടക്കുക.
ഒമാനിലെ ഉഗാണ്ടൻ സമൂഹത്തിന്റെ സോഷ്യൽ ക്ലബ് സെക്രട്ടറി നടാഷ പമേല ആഹാബ്വെ, ആസ്റ്റർ റോയൽ ഹോസ്പിറ്റലിലെ എല്ലുരോഗ വിദഗ്ധൻ ഡോ. കല്യാൺ ശൃങ്കാവരപ്പ്, ഒമാനിലെ ജോയ് ആലുക്കാസ് ജ്വല്ലറി റീജനൽ വിഭാഗം ഹെഡ് ആന്റോ ഇഗ്നേഷ്യസ്, ഒമാൻ വോളിബാൾ അസോസിയേഷൻ വിഭാഗം ഹെഡ് ഖലീൽ അൽ ബലൂഷി, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഹ്യൂമൻ റിസോഴ്സ് വിഭാഗം ഹെഡ് ഫഹദ് അൽ ഹബ്സി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി സ്വാഗതവും അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ നന്ദിയും പറയും. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഒമാനിലെ ഫിലിപ്പീൻസ് എംബസിയിലെ തൊഴിൽ വിഭാഗം സെക്രട്ടറി ഗ്രിഗറിയോ അബലോസ്, ഒമാൻ വോളിബാൾ അസോസിയേഷൻ ബോർഡ് അംഗം ആയിഷ എന്നിവർ മുഖ്യാതിഥികളാകും.
വിജയികൾക്ക് പുറമെ റണ്ണേഴ്സ് അപ്പ്, മൂന്നാം സ്ഥാനക്കാർ എന്നിവർക്ക് ട്രോഫിയും കാഷ് പ്രൈസും ലഭിക്കും. ഇതിനുപുറമെ മികച്ച കളിക്കാരി, ഭാവി വാഗ്ദാനം, മികച്ച സ്പോർട്ടിങ് ടീം തുടങ്ങി നിരവധി വ്യക്തിഗത സമ്മാനങ്ങളും ലഭിക്കും. 2022ൽ ആരംഭിച്ച വനിത വോളിബാൾ ടൂർണമെന്റിന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ലഭിച്ച ആവേശകരമായ പ്രതികരണം തന്നെയാണ് ഇത്തവണയും ലഭിച്ചിരിക്കുന്നതെന്നും 10 രാജ്യങ്ങളിൽ നിന്ന് 23 ടീമുകളിൽ നിന്നായി 300 ലേറെ കളിക്കാരാണ് മാറ്റുരക്കുന്നതെന്നും ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു.
മുൻ വർഷത്തേക്കാൾ ടീമുകളുടെയും കളിക്കാരുടെയും പ്രാതിനിധ്യം വർധിച്ചതായും സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ഒമാനിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വനിത വോളിബാൾ ടൂർണമെന്റ് മൂന്നു സീസൺ പൂർത്തിയാക്കുന്നതെന്നും നിക്സൺ ബേബി കൂട്ടിച്ചേർത്തു. വ്യക്തികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന രീതിയിൽ ഒട്ടേറെ വിനോദ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.