ആഘോഷ നിറവിൽ ബലിപെരുന്നാൾ
text_fieldsമസ്കത്ത്: ആത്മസമർപ്പണത്തിന്റെ സന്ദേശവുമായി വന്നെത്തിയ ബലിപെരുന്നാൾ ഒമാനിലെ സ്വദേശികളും വിദേശികളും നിറവോടെ ആഘോഷിച്ചു.
രാജ്യത്തിന്റെ വവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴ ആഘോഷങ്ങളെ ബാധിച്ചിരുന്നു. നിയന്ത്രണങ്ങൾ മറികടന്നുള്ള ആഘോഷങ്ങൾ അപകടത്തിലേക്ക് നയിച്ചതോടെ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ അടച്ചിട്ടു. പ്രതികൂല കാലാവസ്ഥയിൽ കടൽ പ്രക്ഷുബ്ധമായതറിയാതെ കടലിലിറങ്ങിയവരും മറ്റും അപകടത്തിൽപെട്ടതാണ് ആഘോഷത്തിന്റെ നിറംകെടുത്തിയത്.ചൂട് കുറഞ്ഞതടക്കമുള്ള അനുകൂല അവസരം ഉപയോഗപ്പെടുത്തി നിരവധി ആഘോഷ പരിപാടികൾ നടന്നു.
പെരുന്നാൾ ദിനങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടിരുന്നു. പെരുന്നാൾ ദിവസം ബീച്ചുകളിലാണ് നിരവധിപേർ എത്തിയത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മത്ര കോർണീഷിൽ വൻ തിരക്ക് അനുഭവപ്പെട്ടു. വൈകുന്നേരത്തോടെ മത്ര കോർണീഷിലേക്ക് നൂറുകണക്കിന് ആളുകൾ എത്തി.
ജനബാഹുല്യവും വാഹനങ്ങൾ വർധിച്ചതുംകാരണം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിരവധി പേരെത്തി. ഇത്തി ബീച്ചിലും ശനിയാഴ്ചയും ഞായറാഴ്ചയും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തി ബീച്ചിൽ നിരവധി പേരാണ് കുളിക്കാനെത്തിയത്. ഇവിടെ അധികവും കുടുംബമായാണ് എത്തിയത്. ഖുറം അടക്കമുള്ള ബീച്ചുകളിലും തിരക്ക് അനുഭവപ്പെട്ടു.
വിവിധ സംഘടനകളും കൂട്ടായ്മകളും നിരവധി ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. എന്നാൽ, സ്കൂൾ അവധിയായതിനാൽ നിരവധി പ്രവാസികൾ നാട്ടിലായത് മലയാളി ആഘോഷങ്ങളെ പ്രതികൂലമായി ബാധിച്ചു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കൾചറൽ ഫോറം മസ്കത്ത് പെരുന്നാൾ ഖിസ്സ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി വിനോദ പരിപാടികൾ ഒരുക്കിയിരുന്നു. കമ്പവലി, കസേരകളി തുടങ്ങിയ നിരവധി ഇനങ്ങളും കുട്ടികളുടെ നിരവധി കലാപരിപാടികളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.