മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക ‘സമര്‍പ്പണം 23’ ഇന്ന്
text_fieldsമസ്കത്ത്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും പദ്ധതികളുടെ കൈമാറ്റവും ഇടവക മെത്രാപ്പോലീത്ത തിരുമേനിക്ക് സ്വീകരണവും തണല്‍ ബൈത്തോ പദ്ധതിയുടെ സമാപനവും മാര്‍ തെവോദോസ്യോസ് പുരസ്കാരദാനവും സംയുക്തമായി നടത്തുന്ന ‘സമര്‍പ്പണം-23’ വെള്ളിയാഴ്ച റൂവി സെന്റ് തോമസ് ചര്‍ച്ചില്‍ നടക്കും.
വൈകീട്ട് ആറു മണിക്ക് പരമ്പരാഗത ഘോഷയാത്രയോടെ വിശിഷ്ടാതിഥികളെ സ്വീകരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനത്തില്‍ ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് അധ്യക്ഷത വഹിക്കും. സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ അനുഗ്രഹ പ്രഭാഷണം സംപ്രേഷണം ചെയ്യും.
മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി സന്ദേശം നല്‍കും. ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥിയായും നടനും സംവിധായകനും തിരക്കഥാകൃത്തുമായ രൺജി പണിക്കര്‍ വിശിഷ്ടാതിഥിയായും പങ്കെടുക്കും. ഇടവകയുടെ തണല്‍ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിവരുന്ന മാര്‍ തെവോദോസ്യോസ് പുരസ്കാരം പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് സമര്‍പ്പിക്കും. സ്ഥാപക അംഗങ്ങളെ ആദരിക്കല്‍, സുവര്‍ണ ജൂബിലി സുവനീര്‍ പ്രകാശനം, ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ എന്നിവയും ചടങ്ങില്‍ നടത്തും. പൊതുസമ്മേളനത്തിനുശേഷം പിന്നണി ഗായകന് ലിബിന് സ്കറിയയും സംഘവും അവതരിപ്പിക്കുന്ന ക്രിസ്തീയ ഭക്തി ഗാനസന്ധ്യയും ഉണ്ടായിരിക്കും.
വാർത്തസമ്മേളനത്തിൽ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സാമൂഹിക പ്രവർത്തക ദയാബായി, ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ്, അസോ. വികാരി ഫാ. എബി ചാക്കോ, ട്രസ്റ്റി ജാബ്സന്‍ വര്‍ഗീസ്, കോ-ട്രസ്റ്റി ബിനു കുഞ്ചാറ്റില്, സെക്രട്ടറി ബിജു പരുമല, ഗോൾഡൻ ജൂബിലി കൺവീനർ അബ്രഹാം മാത്യു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.