കെ. കരുണാകരൻ ത്യാഗോജ്ജ്വലമായ ജീവിതം നയിച്ച നേതാവ് -രമേശ് ചെന്നിത്തല
text_fieldsമനാമ: എഴുപത് വർഷത്തോളം കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി നിരന്തരം പോരാട്ടം നടത്തിയ നേതാവായിരുന്നു കെ. കരുണാകരനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി നടത്തിയ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം ബഹ്റൈൻ കേരളീയസമാജത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽനിന്ന് തൃശൂരിൽ ചിത്രരചന പഠിക്കാൻ എത്തിയ കരുണാകരൻ കോൺഗ്രസ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ച് പടിപടിയായി ഉയർന്ന നേതാവായിരുന്നു. കേരളജനത ഏറ്റവും കൂടുതൽ വിശ്വസിച്ച നേതാവായിരുന്നു കെ. കരുണാകരൻ. ജനങ്ങളുടെ വികാരം മനസ്സിലാക്കി, ജനങ്ങളുടെ താല്പര്യം കണ്ടറിഞ്ഞ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്ത നേതാവായിരുന്നു അദ്ദേഹം. വാഹനാപകടത്തെ തുടർന്ന് ആരോഗ്യം വീണ്ടെടുക്കാൻ നീന്തൽക്കുളം നിർമിക്കണമെന്ന് ചികിത്സനടത്തിയ വിദഗ്ധരുടെ നിർദേശം വന്നപ്പോൾ അതിനെതിരെ സമരം നടത്തിയ ആളുകളാണ് ഇപ്പോൾ ആ നീന്തൽക്കുളം ഉപയോഗിക്കുന്നത്.
തുടർഭരണം ലഭിച്ചതുകൊണ്ട് കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് സി.പി.എം. സർവത്ര മേഖലയിലും അഴിമതി നടത്തുകയാണ് സർക്കാർ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയുള്ള കേസുകളെ പറ്റി ഇപ്പോൾ ഒന്നും കേൾക്കാനില്ല.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ സമരം നടത്താനോ നരേന്ദ്ര മോദിയെയോ അമിത് ഷായെയോ വിമർശിക്കാനോ തയാറാകാത്തത് ഇ.ഡി, സ്വർണക്കടത്തുകേസ് അടക്കമുള്ളതിൽ പരസ്പരം ധാരണയിലായതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. രമ എം.എൽ.എ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.