കെ റെയിൽ കേരളത്തിന് അനിവാര്യം -ബെന്യാമിൻ
text_fieldsമസ്കത്ത്: ഭാവി തലമുറയെ പരിഗണിക്കുമ്പോൾ കേരളത്തിന് കെ റെയിൽ അനിവാര്യമാണെന്ന് സാഹിത്യകാരൻ ബെന്യാമിൻ. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം സിൽവർ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കൃത്യമായ നഷ്ടപരിഹാരം നൽകിയാകണം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ കൊണ്ട് സാധാരണക്കാരന് എന്ത് ഗുണമെന്നുള്ള ചോദ്യം അസ്ഥാനത്താണ്. ഇത് ഒരുതലത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ എല്ലാവർക്കും ഗുണം ചെയ്യും. തൃപ്തികരമായ രീതിയിലാണ് സർക്കാർ നിലവിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. മലയോര ഹൈവേ, തീരദേശ റോഡ് എന്നിവക്കായി ഭൂമി ഏറ്റെടുത്തിരിക്കുന്നത് മോഹവില നൽകിയാണ്. കെ റെയിൽവേക്കും സമാന രീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് ഞാൻ മനസിലാക്കുന്നത്.
ഇത് അറിയാതെയാണ് സാധാരണക്കാരായ പലരും സമര രംഗത്തുള്ളത്. താൻ ജനിച്ച സ്ഥലത്ത് നിന്ന് മാറി താമസിക്കാൻ തയാറല്ല എന്ന വാദം ബാലിശമാണ്. പ്രായോഗികമായി ചിന്തിച്ച് ഭാവിതലമുറയെ കൂടി കണക്കിലെടുത്താവണം നമ്മുടെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർഷം അംഗീകരിക്കാനാവില്ല. ഭൂരിഭാഗം വരുന്ന കേരളീയ സമൂഹത്തിന്‍റെ പരിച്ഛേദമാണ് വിനായകൻ. പ്രണയം, ലൈംഗികത എന്നിവയൊക്കെ കുറിച്ച് മലയാളികളായ നാം ഇനിയും പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1990കളിൽ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ പ്രവാസി സാഹിത്യകാരൻമാരുടെ രചനകളെ അവഗണിക്കുന്ന രീതിയിരുന്നു സ്വീകരിച്ചിരുന്നത്.
എന്നാൽ, ഇന്ന് കാര്യങ്ങൾ ഏറെമാറിയിട്ടുണ്ട്. എല്ലാ മാധ്യമങ്ങളും പ്രവാസി എഴുത്തുകാരുടെ രചനകൾ ഇന്ന് പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ടുണ്ട്. 'ആടുജീവിത'ത്തിന്‍റെ ഇതുവരെയുള്ള ചിത്രീകരണത്തിൽ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.