കണ്ണൂർ യാത്ര ദുരിതത്തിന് പരിഹാരമാകുന്നു: മസ്കത്തിൽനിന്ന് ദിനേന സർവിസുമായി എയർ ഇന്ത്യ എക്പ്രസ്
text_fieldsമസ്കത്ത്: മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഒരു വർഷത്തെ യാത്ര ദുരിതത്തിനുശേഷം മസ്കത്തിൽനിന്ന് കണ്ണൂരിലേക്കും അവിടെനിന്ന് മസ്കത്തിലേക്കും എയർ ഇന്ത്യ എക്പ്രസ് ദിനേനെ സർവിസ് ആരംഭിച്ചു. ഇതോടെ കഴിഞ്ഞ വർഷം ഗോ ഫസ്റ്റ് സർവിസ് റദ്ദാക്കിയത് മുതൽ ആരംഭിച്ച കണ്ണൂരുകാരുടെ യാത്ര പ്രശ്നത്തിനാണ് പരിഹാരമാവുന്നത്. നേരത്തേ നാല് സർവിസുകളാണ് എയർ ഇന്ത്യ എക്പ്രസ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്. യാത്രക്കാരുടെ മുറവിളി വർധിച്ചതോടെ അടുത്തിടെ സർവിസുകൾ അഞ്ചാക്കി ഉയർത്തിയിരുന്നു. സർവിസുകൾ കുറഞ്ഞത് കാരണം ഉയർന്ന നിരക്കാണ് കണ്ണൂരിലേക്ക് ഈടാക്കിയിരുന്നത്.
പുതിയ ഷെഡ്യൂൾ അനുസരിച്ച് മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് വ്യഴാഴ്ച രാവിലെ 7.35ന് പുറപ്പെട്ട് 12.30 കണ്ണൂരിലെത്തും. വെള്ളിയാഴ്ച പുലർച്ചെ 3.20ന് മസ്കത്തിൽനിന്ന് സർവിസ് ആരംഭിച്ച് രാവിലെ 8.15 കണ്ണൂരിലെത്തും.
ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.45 മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.40ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് മസ്കത്തിലേക്ക് വ്യാഴാഴ്ച പുലർച്ചെ 4.35 ന് പുറപ്പെട്ട് 6.35ന് മസ്കത്തിലെത്തും. വെള്ളിയാഴ്ച അർധരാത്രി 12.20 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.20ന് മസ്കത്തിലെത്തും. ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കണ്ണൂരിൽനിന്ന് 6.45ന് പുറപ്പെട്ട് 8.45ന് മസ്കത്തിലെത്തും.
ദിനേന സർവിസ് ആരംഭിച്ചതോടെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. സ്കൂൾ അവധി അടുത്തതോടെ മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്ക് സർവിസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തിയിട്ടുണ്ട്.അടുത്ത ദിവസങ്ങളിൽ കേരള സെക്ടറിലേക്ക് പൊതുവെ വൺവേക്ക് 100 റിയാലിൽ കുറഞ്ഞ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്.എയർ ഇന്ത്യ എക്സ്പ്രസ്, സലാം എയർ, ഇൻഡിഗോ തുടങ്ങിയ ബജറ്റ് വിമാനക്കമ്പനികളും കഴുത്തറപ്പൻ നിരക്കുകൾ ഈടാക്കുന്നത് യാത്രക്കാരുടെ പ്രതിഷേധം വിളിച്ചു വരുത്തുന്നുണ്ട്.ഈ മാസം 20ഓടെ പല വിമാനക്ക മ്പനികളുടെയും കേരളത്തിലേക്കുള്ള നിരക്കുകൾ വൺവേക്ക് 120 റിയാൽ കടക്കും.അടുത്ത മാസം വൺവേക്ക് 150 റിയാലിന് മുകളിലാണ് നിരക്കുകൾ.ഇതോടെ അടുത്ത രണ്ടു മാസത്തേക്ക് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾ യാത്രകൾ ഒഴിവാക്കുകയാണ്.
കണ്ണൂരിലേക്ക് എയർ ഇന്ത്യ ദിവസേന സർവിസുകൾ നടത്തുന്നത് കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലേയും കർണാടക അതിർത്തിയിലേയും യാത്രക്കാർക്ക് അനുഗ്രഹമാവും.കണ്ണൂരിൽനിന്ന് സർവിസുകൾ കുറഞ്ഞത് കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ താമസിക്കുന്നവർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
ഈ മേഖലയിലുള്ളവർ അധികവും കോഴിക്കോടിനെയാണ് ആശ്രയിച്ചിരുന്നത്. കോഴിക്കോട്ടുനിന്ന് ചുരുങ്ങിയത് അഞ്ചും ആറും മണിക്കൂർ റോഡ്മാർഗം സഞ്ചരിച്ചാണ് വീടണഞ്ഞിരുന്നത്.മംഗളൂരു, ബാംഗളൂരു എന്നീ വിമാനത്താവളങ്ങളെ ആശ്രയിക്കുന്നവർക്ക് ദുരിതം പിന്നെയും വർധിക്കും. കുണ്ടുംകുഴിയും നിറഞ്ഞ റോഡുകൾ താണ്ടി കോഴിക്കോട് വിമാനത്താവളത്തിലെത്തുമ്പോഴേക്കും ചിലപ്പോൾ വിമാനം പുറപ്പെട്ട് കഴിഞ്ഞിട്ടുമുണ്ടാവും. ഏതായാലും എയർ ഇന്ത്യ എക്പ്രസ് കണ്ണൂരിൽനിന്ന് ദിനേന സർവിസ് നടത്തുന്നതിൽ യാത്രക്കാർ ഏറെ സന്തുഷ്ടരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.