കർവ മോട്ടോഴ്സ് പുതിയ ബസുകൾ പുറത്തിറക്കി
text_fieldsമസ്കത്ത്: വാഹന നിർമാണ രംഗത്തെ രാജ്യത്തെ മുൻനിര കമ്പനിയായ കർവ മോട്ടോഴ്സ് പുതിയ ഇന്റർസിറ്റി ബസുകൾ പുറത്തിറക്കി. ഗൾഫ് സ്റ്റാൻഡേഡ് സ്പെസിഫിക്കേഷനുകൾക്ക് അനുസരിച്ചാണ് ബസ് തയാറാക്കിയിരിക്കുന്നത്. 45 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ബസ് എണ്ണ, ഗ്യാസ് എന്നിവ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പുതിയ ബസുകൾ ഒമാനിലെ പ്രമുഖ ഗതാഗത കമ്പനിയായ സുൽത്താൻ അൽ ഷിസാനി കമ്പനിക്ക് കൈമാറി. ബസുകൾ പ്രാദേശിക വിപണിയിൽ ഇറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് പുതിയ രണ്ട് ബസുകളുടെ കൈമാറ്റമെന്ന് കർവ മോട്ടോഴ്സ് കമ്പനി വൃത്തങ്ങൾ പറഞ്ഞു. ഈ പുതിയ ബസ് വിഭാഗത്തിലൂടെ പ്രാദേശികവും മേഖലയിലെയും വിപണികളിലേക്ക് പ്രവേശിക്കാനാണ് കർവ ലക്ഷ്യമിടുന്നത്. ഒമാന്റെയും ഖത്തറിന്റെയും സംയുക്ത സംരംഭമാണ് കർവ മോട്ടോഴ്സ്. കമ്പനിയുടെ 70 ശതമാനം ഓഹരി ഖത്തർ ദേശീയ ഗതാഗത കമ്പനിയായ ഖത്തർ ട്രാൻസ്പോർട്ടിനും 30 ശതമാനം ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്കുമാണുള്ളത്. കർവ മോട്ടോഴ്സിന് ബസ് നിർമാണത്തിൽ പ്രത്യേകമായ ഒരു ഫാക്ടറിയുണ്ട്. പ്രതിവർഷം ശരാശരി 600 ബസുകളാണ് ഇവിടെ നിർമിക്കുന്നത്. 2022ലെ ഖത്തർ ലോകകപ്പിനുള്ള ബസുകൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഫാക്ടറി 2021ൽ ഉത്പാദനം ആരംഭിച്ചു. വിവിധതരം സിറ്റി ബസുകൾ, സ്കൂൾ ബസുകൾ, ദീർഘദൂര ബസുകൾ, ലക്ഷ്വറി ബസുകൾ എന്നിവ നിർമിക്കുന്നു. ദുകത്തെ പ്രത്യേക സാമ്പത്തിക മേഖലയിൽ 600,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കമ്പനിയുടെ ഫാക്ടറി നിർമിച്ചിരിക്കുന്നത്.
സ്കൂൾ ബസുകൾ വിതരണം ചെയ്യുന്നതിനായി കർവ മോട്ടോഴ്സ് കമ്പനി വിദ്യാഭ്യാസ മന്ത്രാലയവുമായും ഒമാൻ വികസന ബാങ്കുമായും ധാരണപത്രം (എം.ഒ.യു) അടുത്തിടെ ഒപ്പുവെച്ചിട്ടുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രാദേശിക വിപണിയിൽ സ്കൂൾ ബസുകൾ എത്തുമെന്നാണ് കരുതുന്നത്. പഴയ വാഹനങ്ങൾക്ക് പകരം പ്രതിവർഷം 1,000 ബസുകൾ എന്ന നിരക്കിൽ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 23 മുതൽ 25 വരെ വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും ബസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.