കൈയെഴുത്തും കവിത പാരായണവുമായി കേരളപ്പിറവി ആഘോഷം
text_fieldsമസ്കത്ത്: കൈയെഴുത്തും കവിത പാരായണവുമായി അൽ ഗുബ്ര ഇന്ത്യൻ സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. മലയാളത്തിന്റെ ചന്തവും ചേലും പ്രകടമാക്കുന്ന മത്സരത്തിൽ മൂന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള 400ഓളം കുട്ടികളാണ് പങ്കെടുത്തത്. ഭാഷപിതാവായ എഴുത്തച്ഛൻ മുതൽ പുതുതലമുറയിലെ കവികളുടെ സൃഷ്ടികൾവരെ കുട്ടികൾ പാരായണത്തിനായി തിരഞ്ഞെടുത്തു. മലയാളത്തിലെ പ്രസിദ്ധമായ കൃതികളിലെ ശ്രദ്ധേയമായ ഭാഗങ്ങളാണ് കൈയെഴുത്ത് മത്സരത്തിനായി നൽകിയത്.
തകഴി, ബഷീർ, കേശവദേവ്, ഒ.വി. വിജയൻ, മാധവിക്കുട്ടി എന്നിങ്ങനെ മലയാള സാഹിത്യത്തിലെ കുലപതികളുടെ രചന ഭാഗങ്ങളാണ് മത്സരത്തിനായി നൽകിയത്.
തെറ്റുകൂടാതെ മലയാള ഭാഷ കൈകാര്യം ചെയ്യാൻ അവസരമൊരുക്കുന്നതോടൊപ്പം കേരളപ്പിറവിദിനത്തിന്റെ സന്ദേശം മുഴുവൻ കുട്ടികളിലുമെത്തിക്കുവാൻ വേണ്ടിയാണ് ഈ ദിനം മത്സരങ്ങൾക്കായി തിരഞ്ഞെടുത്തതെന്ന് മലയാള വിഭാഗം മേധാവി ഡോ. ജിതീഷ് കുമാർ പറഞ്ഞു. സ്വന്തം നാടിനെ ഭാഷയിലൂടെ സ്മരിക്കുന്നത് മാതൃകാപരമാണെന്നും എന്നാൽ സ്വന്തം നാട്ടുകാരനായിരിക്കുമ്പോൾ തന്നെ വിശ്വപൗരനായി മാറാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടതെന്നും കേരളപ്പിറവി ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത പ്രിൻസിപ്പൽ പാപ്രി ഘോഷ് പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ സംസാരിച്ചു.
മലയാള വിഭാഗം അധ്യാപകരായ പി.എസ്. വിനായകൻ, എൻ.വി. ആശാമോൾ, ലിനി എസ്. ലാൽ, വി.പി. സുഭിഷ, പ്രസീത സുധീർ, ദീപ ഗിരീഷ് എന്നിവരാണ് വിവിധ ക്ലാസുകളിലെ മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.