ഒമാന്റെ ഹൃദയത്തില്‍ കേരളത്തിെൻറ കൈയൊപ്പ്...
text_fieldsഒമാനും കേരളവുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. പായ്കപ്പലുകളിൽ കച്ചവടസാധനങ്ങളുമായി കേരളതീരത്ത് വന്നിറങ്ങിയത് മുതലാണ് ആ ബന്ധത്തിെൻറ തുടക്കം. എഴുപതുകളിൽ അറബിപൊന്ന് തേടി കടൽ കടന്ന മലയാളികൾ സുൽത്താൻ നാട്ടിലുമെത്തി. ഒമാൻ സമൂഹത്തിെൻറ പെരുമയേറിയ ആതിഥ്യമര്യാദയും ദീനാനുകമ്പയും ഒരുപാട് പേരുടെ ജീവിതത്തിന് നിർണായക വഴിത്തിരിവായിട്ടുണ്ട്. ഇൗ നാട്ടിലെ ജീവിതത്തിനിടെ നിങ്ങളെ അത്രമേൽ സ്വാധീനിച്ച ഒരു ഒമാനി സൗഹൃദം ഉണ്ടാവില്ലേ. സ്വദേശികളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ജീവിതത്തിലുണ്ടായ മറക്കാനാകാത്ത അനുഭവം 'ഗൾഫ് മാധ്യമ'ത്തിലൂടെ വായനക്കാരുമായി പങ്കുവെക്കാം. +968 7910 3221 എന്ന നമ്പറിൽ വാട്ട്സ്ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്ന മെയിൽ വിലാസത്തിലോ അനുഭവങ്ങൾ അയക്കൂ.
19 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മേജര്‍ അബ്ദുല്ല അല്‍ റവാഹിയെ മറ്റൊരു സഹപ്രവര്ത്തകന് വഴി പരിചയപ്പെടുന്നത്. നല്ല ഒരു മനസ്സിെൻറ ഉടമയാണദ്ദേഹമെന്ന് ആദ്യ ഇടപെടലില്തന്നെ ബോധ്യമായി. 22 വര്‍ഷങ്ങള്‍ക്കുള്ളിൽ പ്രവാസജീവിതത്തില്‍ നിരവധി ഒമാനി പൗരന്മാരെ പരിചയപ്പെടാന്‍ ഇടവന്നിട്ടുണ്ട്. മിക്കവരും വളരെ ആത്മാർഥതയും സത്യസന്ധതയും കൈമുതലായുള്ളവര്‍. എന്നാലും മേജര്‍ അബ്ദുല്ല എനിക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു.
എന്നില്‍നിന്ന് അദ്ദേഹത്തിന് ഒന്നും ലഭിക്കാനുണ്ടായിരുന്നില്ല. കേവലം ഒരു സഹപ്രവര്ത്തകന് മാത്രം. പക്ഷേ, ഓരോ ദിവസവും അദ്ദേഹത്തിെൻറ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം കൂടിക്കൊണ്ടേയിരുന്നു. അപ്പോഴും അദ്ദേഹത്തിെൻറ കുടുംബത്തിെൻറ, പ്രത്യേകിച്ച് മക്കളുടെ കാര്യങ്ങള്‍ പറയുമ്പോള്‍ എവിടെയോ ഒരു വിങ്ങൽ ഒളിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. പതിയപ്പതിയെ ഞങ്ങളുടെ അടുപ്പം കുടുംബാംഗങ്ങളിലേക്കും പടര്‍ന്നു. ഒരിക്കല്‍ അദ്ദേഹം കുടുംബസമേതം ഞങ്ങളുടെ ഭവനത്തില്‍ വന്നു. മണിക്കൂറുകളോളം സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. ഇതിനിടെ ഞങ്ങള്‍ പാകം ചെയ്ത ഇഡലി, ചട്നി, സാമ്പാർ എന്നിവ വയർ നിറച്ച് കഴിക്കുകയും ചെയ്തു. അപ്പോഴാണ് എന്നോട് അദ്ദേഹം ആദ്യമായി ഒരു കാര്യം പങ്കുവെക്കുന്നത്. 'ടീച്ചര്‍'... അതെ അന്നും ഇന്നും എന്നെ സ്നേഹബഹുമാനങ്ങളോടെ വിളിക്കുന്നത് ടീച്ചര്‍ എന്നാണ്. 'ഞങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ ജര്‍മനിക്കു പോവുകയാണ്...' ഉപരിപഠനം എന്ന സ്വപ്നം പൂര്‍ത്തിയാക്കുന്നതിനുള്ള യാത്ര ആയിരിക്കുമെന്ന് ഞാന്‍ കരുതി. പഠിക്കണമെന്നുള്ള ആഗ്രഹം തൽക്കാലം മാറ്റിവെച്ച് തെൻറ ഏക പെണ്‍കുട്ടിയുടെ ജന്മനാ ഉള്ള അസുഖത്തിെൻറ ചികിത്സക്കാണ് അദ്ദേഹം ജർമനിക്ക് പോകുന്നത്.
നാലു മക്കളില്‍ ഏക പെണ്തരി. മൂന്നു വയസ്സായിട്ടും ഭക്ഷണം ഇറക്കാൻ സാധിക്കുന്നില്ല. ജനിച്ചപ്പോള്‍ തന്നെ ഈ പ്രശ്നം ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും പോയി ചികിത്സിച്ചെങ്കിലും വയര്‍ തുളച്ചു ട്യൂബ് ഇട്ടു ഭക്ഷണം കൊടുക്കുക എന്നതാണ് അവസാനമായി നിര്‍ദേശിക്കപ്പെട്ട പരിഹാരം. അങ്ങനെ ജർമനിയിൽ പോയി രണ്ടു മാസം ചികിത്സ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് അദ്ദേഹത്തെ സന്ദർശിച്ച് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വയറില്‍ ട്യൂബ് ഇട്ട് ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്ന സുന്ദരിക്കുട്ടി ഒരു നൊമ്പരമായി നീറി. അപ്പോഴാണ് ഞങ്ങളുടെ മനസ്സില്‍ എറണാകുളത്തുള്ള ഡോ. ഫിലിപ് അഗസ്റ്റിന് എന്ന പ്രശസ്തനായ ഗ്യാസ്ട്രോ എന്ഡറോളജിസ്റ്റിെൻറ ചിത്രം തെളിഞ്ഞത്. നഴ്സ് ആയ എെൻറ ഭാര്യ തന്നെ അറിയാവുന്ന എല്ലാ വിവരങ്ങളും പൂര്‍വകാല ചികിത്സ കാര്യങ്ങളും ഡോക്ടെറ ധരിപ്പിച്ചു.
എത്രയും പെെട്ടന്ന് കുട്ടിയെ ഇവിടെ എത്തിക്കണെമന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. ഇത് ഞങ്ങള്‍ക്ക് ആത്മധൈര്യം പകര്‍ന്നു. ഞങ്ങള്‍ വീണ്ടും മേജര്‍ അബ്ദുല്ലയുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും അദ്ദേഹത്തിന് വലിയ വിശ്വാസമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങളുടെ സമ്മർദങ്ങൾക്കൊടുവിൽ പിന്നീട് ചികിത്സക്കായി കേരളത്തിലേക്കു പോയി. താമസം ഭക്ഷണം എല്ലാം ആശുപത്രി മാനേജ്മെൻറ് കൃത്യമായി തയാറാക്കിയിരുന്നു. നിരവധി സര്‍ജറികള്‍ക്കു വിധേയയായിട്ടുള്ള ആ കൊച്ചുകുട്ടി വീണ്ടും ഓപറേഷന് തിയറ്ററിലേക്ക്. ഏതാണ്ട് മൂന്ന് തുടർ സര്‍ജറികള്‍. ഒടുവിൽ ആ കുഞ്ഞുമാലാഖ ചെറിയ രീതിയില്‍ ഭക്ഷണം കഴിച്ച് തുടങ്ങി. പ്രതീക്ഷയുടെ കൈത്തിരി മുന്നില്‍ തെളിഞ്ഞുതുടങ്ങി. ഇന്ന് ആ കൊച്ചു മിടുക്കി വളര്‍ന്നു വലുതായി തുര്‍ക്കിയിലെ പ്രമുഖ യൂനിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തിയിരിക്കുന്നു. ഇതിനെല്ലാം കാരണക്കാരാകാന്‍ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യം. ജീവിതത്തില്‍ ഒരിക്കലും മറക്കാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരേട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.