ഖറന്‍ഖശു രാവിലലിഞ്ഞ് കുട്ടിക്കൂട്ടം; വിപണികളിൽ ഉണർവ്
text_fieldsമസ്കത്ത്/സീബ്: റമദാനിലെ പാരമ്പര്യ ആഘോഷമായ ഖറന്‍ഖശു രാവിലലിഞ്ഞ് കുട്ടിക്കൂട്ടം. റമദാനിന്റെ പതിനഞ്ചാം രാവായ തിങ്കളാഴ്ച രാത്രിയായിരുന്നു അറബ് ബാല്യ കൗമാരങ്ങളുടെ ആഘോഷമായ ഖറൻഖശു കൊട്ടിപ്പാടി കൊണ്ടാടിയത്.
അറബ് ബാല്യകൗമാരങ്ങളുടെ പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലിന്റെ ഭാഗമാണീ ആഘോഷം. ഏതാണ്ടെല്ലാ അറബ് രാജ്യങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ പണ്ട് കാലം തൊട്ടെ ഈ ആചാരങ്ങള്‍ ഉള്ളതായി പഴമക്കാര്‍ പറയുന്നു. പ്രധാനമായും ഈ ആഘോഷ ദിനം കുട്ടികള്‍ക്കുള്ളതാണ്. മതനിയമങ്ങള്‍ പരതിയാല്‍ ഇത് പോലുള്ള ആചാരങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും പൈതൃകങ്ങളില്‍ ഉൾച്ചേര്‍ന്ന മിത്തുകളാണ് ഖറന്‍ഖശു പോലുള്ള ആഘോഷങ്ങളുടെ പിറകില്‍.
ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ ഖറന്‍ഖശു സാമന്യം നല്ല രീതിയിൽ തന്നെ കൊണ്ടാടപ്പെടുന്നുണ്ട്. തിങ്കളാഴ്ച രാത്രി വീടുകളിൽനിന്ന് വീടുകളിലേക്ക് നീങ്ങിയ കുട്ടിക്കൂട്ടങ്ങൾ കൗതുക കാഴ്ചയായി.
വീട് കയറിവരുന്ന കുട്ടികൾക്ക് നൽകാനായുള്ള സാധനങ്ങൾ വാങ്ങിക്കാനുള്ള തിരക്കിലമർന്നു കഴിഞ്ഞ ദിവസം സൂഖുകൾ. സീബ് സൂഖിലടക്കം വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
ഖറന്‍ഖശു പ്രമാണിച്ച് കടകളിൽ വലിയ സ്റ്റോക്ക് എത്തിച്ചിരുന്നു. ചിപ്സ്, മിനു, പൊഫാക് ഒമാൻ, ചെറിയ കളിപ്പാട്ടങ്ങൾ, ഈന്തപ്പഴങ്ങൾ ചോക്ലേറ്റുകൾ, ഡ്രൈഫ്രൂട്സ്, ജ്യൂസ്, വർണ വിളക്കുകൾ, സഞ്ചി എന്നുവേണ്ട കുട്ടികൾക്ക് കൗതുകമുണ്ടക്കുന്ന വിവിധ സാധനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിറ്റഴിഞ്ഞര്.
പാതിരാവോളം നീളുന്ന കുട്ടികളുടെ വരവിന് നൽകുന്ന ഉപഹാരങ്ങൾ ആണിത്. ഈ സീസണിൽ ഖറൻഖശുവിനുള്ള വലിയ ശേഖരം തന്നെ ഒരുക്കിയിരുന്നുവെന്ന് സീബ് സൂഖിൽ കച്ചവടം ചെയ്യുന്ന റസാഖ് പറഞ്ഞു. പഴയ കച്ചവടം ഇപ്പോൾ നടക്കുന്നില്ല. കോവിഡിന് മുമ്പുവരെ വലിയ കച്ചവടമായിരുന്നു ഈ സീസണിൽ സൂഖിൽ നടന്നിരുന്നത്. ഇപ്പോൾ അത് പകുതിയായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഖറൻഖശു സമയത്തുതന്നെ മറ്റു സാധനങ്ങളും വാങ്ങിക്കുന്ന പതിവുണ്ട്. തുണിത്തരങ്ങൾ, ചെരുപ്പ്, ഡ്രൈ ഫ്രൂട്ട്, ഈന്തപ്പഴം, തേൻ, ഉണക്കമീൻ, ഒമാനി ഹൽവ, ഗാവപൊടി, ബഹുർ, കുന്തിരിക്കം, സുഗന്ധദ്രവ്യങ്ങൾ, ലേപനങ്ങൾ എന്നിങ്ങനെ പെരുന്നാൾ വരേക്കുള്ള സാധനങ്ങൾ ശേഖരിക്കും.
സൂഖിലെ കച്ചവടത്തിന് മാറുന്ന മുഖമാണ് റമദാൻ. ഓരോ പത്തിലും വരുന്ന ആവശ്യക്കാരുടെ സാധനങ്ങൾ ഇവിടെയുള്ള കച്ചവടക്കാർക്ക് അറിയാം.
ആ സമയങ്ങളിൽ പുറത്ത് പ്രദർശിപ്പിക്കുക അത്തരം സാധനങ്ങളാണ്. നോമ്പ് ഇരുപതു കഴിയുന്നതോടെ പെരുന്നാൾ സാധനങ്ങളുടെ വിൽപനയായിരിക്കും നടക്കുക. മർമമറിഞ്ഞ് കച്ചവടം ചെയ്യുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച കച്ചവടം നടക്കുന്നില്ലെന്ന പരാതി തന്നെയാണ് കച്ചവടക്കാർ പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.