ഖരീഫ് സഞ്ചാരികളെ ദോഫാർ ഗവർണറേറ്റിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലേക്ക് ഖരീഫ് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി. സുപ്രീം കമ്മിറ്റി തീരുമാനപ്രകാരമുള്ള പ്രവേശനാനുമതി വെള്ളിയാഴ്ച വൈകട്ട് അഞ്ചുമുതലാണ് നിലവിൽ വന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം പ്രാബല്യത്തിലുണ്ടാകും. ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് ദോഫാറിലേക്ക് ഖരീഫ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.
ഒമാനിലെ മറ്റ് ഗവർണറേറ്റുകളിലുള്ള ഒരു വാക്സിനെങ്കിലുമെടുത്ത 18ന് മുകളിൽ പ്രായമുള്ള സ്വദേശികൾക്കും വിദേശികൾക്കുമാണ് ഗവർണറേറ്റിലേക്ക് പ്രവേശനാനുമതി ലഭിക്കുക.
പ്രവേശന വിലക്കില്ലാത്ത വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരാണെങ്കിൽ അംഗീകൃത വാക്സിെൻറ രണ്ട് ഡോസുകളും എടുക്കണം. ദോഫാറിലെ ഹോട്ടലുകളും ഫർണിഷ്ഡ് അപ്പാർട്മെന്‍റുകളും അമ്പത് ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്നും സുപ്രീംകമ്മിറ്റിയുടെ ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം മുൻകരുതൽ നടപടികൾ പാലിക്കുകയും വേണം. വിമാന, റോഡ് മാർഗമെത്തുന്നവർക്ക് മാർഗ നിർദേശങ്ങൾ ബാധകമായിരിക്കും.
സലാല, ഖസബ് വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങൾ ബാധകമായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. വിദേശത്തു നിന്ന് എത്തുന്നവർ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. ഒപ്പം തറാസുദ് പ്ലസ് ബ്രേസ്ലെറ്റുകൾ അണിയുകയും വിദേശികളാണെങ്കിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും സ്വദേശികളാണെങ്കിൽ ഹോം ക്വാറൻറീനും അനുഷ്ഠിക്കുകയും വേണം.
ജി.സി.സി രാഷ്ട്രങ്ങളിൽ അംഗീകൃതമായ എല്ലാ കോവിഡ് വാക്സിനുകളും സ്വീകാര്യമാണ്. ഒരു ഡോസ് വാക്സിൻ എടുത്ത 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് ആഭ്യന്തര വിമാനങ്ങളിൽ സലാല, ഖസബ് വിമാനത്താവളങ്ങളിലേക്ക് യാത്രാനുമതി ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.