ഖരീഫ്: ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം
text_fieldsമസ്കത്ത്: കോവിഡ് മുൻനിർത്തി ദോഫാർ ഗവർണറേറ്റിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടംചേരുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.
സുരക്ഷ ഉറപ്പാക്കുന്നതിനും കോവിഡ് നിയമലംഘനങ്ങളില്ലെന്ന് ഉറപ്പാക്കുന്നതിനുമായി കർശന നിരീക്ഷണങ്ങളാണ് ദോഫാർ ഗവർണറേറ്റിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറിയിച്ചു. കോവിഡ് നിയമലംഘനങ്ങൾക്ക് ഒപ്പം ട്രക്ക് അപകടങ്ങൾ, മോട്ടോർ സൈക്കിളുകാരുടെ അഭ്യാസപ്രകടനങ്ങളും ഡ്രിഫ്റ്റിങ് തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പൊതുസുരക്ഷക്ക് ഒപ്പം സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതായി ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് ഓപറേഷൻസ് വിഭാഗം ഡയറക്ടർ ലെഫ്.കേണൽ സുലൈമാൻ അൽ ജാബ്രി പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദോഫാറിലേക്കുള്ള പ്രവേശനകവാടമായ തുംറൈത്ത്, ഹാസിക്, ഹാരിത്ത് മേഖലകളിൽ കൺട്രോൾ പോയൻറുകൾ സ്ഥാപിച്ചിട്ടുണ്ട്.
വാക്സിനെടുത്തതാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിനോദ സഞ്ചാരികളെ ഗവർണറേറ്റിലേക്ക് പ്രവേശിക്കുന്നത്. മറ്റു വിലായത്തുകളിലും സെക്യൂരിറ്റി പോയൻറുകൾ സ്ഥാപിക്കുകയും സുരക്ഷ, ട്രാഫിക് പട്രോളിങ്ങുകൾ നടത്തിവരുകയും ചെയ്യുന്നുണ്ട്. സിവിൽ ഡിഫൻസുമായി ചേർന്ന് കടൽത്തീരങ്ങൾ, അരുവികൾ തുടങ്ങി സഞ്ചാരികൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രിഫ്റ്റിങ് നടത്തുന്ന വാഹനങ്ങൾ പുൽമേടുകൾക്ക് നാശമുണ്ടാക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പൊതുജനങ്ങൾ കാണിക്കുന്ന സഹകരണത്തിന് നന്ദിപറയുന്നതായും ലെഫ്.കേണൽ സുലൈമാൻ അൽ ജാബ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.