കാണാം, അറിയാം, ഇനി ഖരീഫ് ദോഫാർ കാഴ്ചകൾ
text_fieldsമസ്കത്ത്: ദോഫാർ ഖരീഫ് സീസണിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ ഇൻഫർമേഷൻ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻഫർമേഷൻ സംപ്രേക്ഷണം തുടങ്ങി. റേഡിയോ, ടി.വി , പത്ര വാർത്തകൾ, സോഷ്യൽ മീഡിയ എന്നിങ്ങനെയുള്ള വിപുലമായ പ്ലാറ്റ്ഫോമുകളിലൂടെ സമഗ്രമായ കവറേജാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. ഖരീഫ് ദോഫാർ സീസൺ 2024ന്റെ സമഗ്രമായ മീഡിയ കവറേജിനുള്ള എല്ലാ തയാറെടുപ്പുകളും ക്രമീകരണങ്ങളും പൂർത്തിയായതായി ദോഫാർ ഗവർണറേറ്റിലെ മീഡിയ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ബിൻ സഈദ് അൽ ഷാഷായി പറഞ്ഞു. വിനോദ പരിപാടികൾ, ഒമാനി സംസ്കാരത്തിലേക്കും, സ്ഥലത്തിന്റെ സവിശേഷതകളിലേക്കും സാംസ്കാരികവും നാഗരികവുമായ സമ്പന്നതയിലേക്കും ഊന്നിയുള്ള പരിപാടികളാണ് ഈ വർഷം ലക്ഷ്യമിട്ടിരിക്കുന്നത്.
2023ൽ ബഹ്റൈനിൽ നടന്ന ജി.സി.സി റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിൽ സ്വർണ പുരസ്കാരം നേടിയ ‘പീപ്പിൾ ആൻഡ് ഖരീഫ്’ പ്രോഗ്രാം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങൾ ഒമാൻ ടി.വി പൂർത്തിയാക്കിയിട്ടുണ്ട്. ഖരീഫ് ദോഫാർ സീസണിലെ സംഭവങ്ങളും അതിന്റെ വിനോദസഞ്ചാര, പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളും ലോകമെമ്പാടും എത്തിക്കുന്നതിനുള്ള ഈ പരിപാടിയിൽ ഒമാനിലെയും ജി.സി.സി രാജ്യങ്ങളിലെയും മാധ്യമ വിദഗ്ധർ പങ്കെടുക്കുമെന്ന് അൽ ഷാഷായി പറഞ്ഞു. ഒമാൻ കൾച്ചറൽ ചാനൽ വിവിധ വേദികളിൽ നടക്കുന്ന പരിപാടികളുമായി ഖരീഫ് നൈറ്റ്സ് ഷോയും അവതരിപ്പിക്കും. അതിർ അൽ ഖരീഫ് റേഡിയോ പ്രോഗ്രാമിൽ ഖരീഫ് ദോഫാറിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ഇവന്റുകളുടെയും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. രാവിലെ അഞ്ച് മുതൽ വൈകീട്ട് ഏഴുവരെയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക. അൽ ഷബാബ് റേഡിയോ പ്രക്ഷേപണം ചെയ്യുന്ന ‘ഖരീഫ് ആൻഡ് യൂത്ത്’ പരിപാടി വ്യത്യസ്ത അഭിരുചികൾക്കും പ്രായക്കാർക്കും അനുയോജ്യമായ രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ദോഫാർ ഗവർണറേറ്റിനുള്ളിൽ ഒരു ലൊക്കേഷനിൽനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുന്ന ദൈനംദിന തത്സമയ പരിപാടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.