ഖരീഫ്: പുതുമോടിയിൽ ഇളനീർ കടകൾ
text_fieldsസലാല: ഖരീഫ് കാലം ആരംഭിച്ചതോടെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കഴിയുകയാണ് സലാലയിലെ വ്യാപാരി സമൂഹം. സ്വദേശികളും സർക്കാർ സംവിധാനങ്ങളും സന്ദർശകരെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗൾഫ് നാടുകളിൽ സലാലയിൽ മാത്രം കാണുന്ന കാഴ്ചയാണ് നിരനിരയായി മരത്തിൽ പണിത് തെങ്ങോലകൾ കൊണ്ട് മേൽക്കൂര തീർത്ത ഇളനീർ കടകൾ. സലാലയിലെ തോട്ടങ്ങളിൽനിന്ന് ശേഖരിക്കുന്ന കരിക്കുകളും പഴം, പച്ചക്കറികളുമാണ് ഇവിടെ വിപണനം ചെയ്യുന്നത്.
ഇക്കുറി ഇത്തരം കടകൾ ഹരിത വർണമണിഞ്ഞ് കൂടുതൽ ആകർഷകമായി അണിഞ്ഞൊരുങ്ങിയാണ് ഇടപാടുകാർക്കായി കാത്തിരിക്കുന്നത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽനിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും സന്ദർശകർ വന്നുതുടങ്ങുന്നതോടെയാണ് സലാല സജീവമാകുന്നത്. സന്ദർശകരുടെ ഒഴുക്ക് പ്രതീക്ഷിക്കുന്ന പെരുന്നാൾ ഒഴിവു ദിവസങ്ങളിലേക്കും മറ്റുമായി സൂക്ഷിച്ചുവെച്ചതിനാൽ ഇപ്പോൾ പല കടകളിലും ഇളനീർ ലഭ്യമല്ല. ഖരീഫ് മഴയും മഞ്ഞും മാമലകളുടെ സൗന്ദര്യവും ആസ്വദിക്കുന്നതിനോടൊപ്പം സന്ദർശകർക്ക് ഒഴിവാക്കാനാകാത്ത കാഴ്ചയും അനുഭവവുമായിരിക്കും കടൽതീരത്തെ തോട്ടങ്ങളോട് ചേർന്ന് റോഡിന്റെ ഇരുവശങ്ങളിലുമായി നിരനിരയായി സംവിധാനിച്ചിട്ടുള്ള ഇളനീർ വിൽപന ശാലകൾ. മലയാളികളും ബംഗാളികളുമാണ് ഇത്തരം കടകൾ ഏറെയും നടത്തുന്നത്.കൊറോണ കവർന്ന രണ്ടു വർഷങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഈ വർഷം കാര്യമായ കച്ചവടം നടക്കുമെന്ന പ്രതീക്ഷകളാണ് എല്ലാ വ്യാപാരികളും പങ്കുവെക്കുന്നത്. മഴ കൂടുതൽ ലഭിക്കുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്താൽ സന്ദർശകരുടെ വരവും അതുവഴി വരുമാനവും വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇവർ. സലാല ചൗക്കിലും ഹാഫയിലുമൊക്കെയായി സുഗന്ധദ്രവ്യങ്ങൾ, കുന്തിരിക്കം, ഒമാനി ഹൽവ, പാരമ്പര്യവസ്ത്രശാലകൾ, ഭക്ഷണശാലകൾ തുടങ്ങി ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളും ഖരീഫ്കാല കച്ചവടത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.