ഖരീഫ്: അനധികൃത ഭക്ഷണശാലകൾക്കെതിരെ നടപടിയുമായി മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: ഖരീഫ് സീസണിനോടനുബന്ധിച്ച് മേഖലയിൽ പ്രവർത്തിക്കുന്ന അനധികൃത ഭക്ഷണശാലകൾക്കെതിരെ നടപടിയുമായി ദോഫാർ മുനിസിപ്പാലിറ്റി. സുരക്ഷ മാനദണ്ഡങ്ങളും നിയമപരമായ ആവശ്യകതകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി വിപുലമായ പ്രചാരണങ്ങളാണ് നടത്തുന്നത്. ഇവ പാലിക്കാത്ത സ്ഥാപനങ്ങളെയും പടക്കം പൊട്ടിക്കൽ പോലുള്ള സുരക്ഷിതമല്ലാത്ത രീതികൾ പ്രയോഗിക്കുന്നവരെയും ഉടൻ തന്നെ പ്രദേശത്തുനിന്ന് ഒഴിവാക്കും.
ചുറ്റുപാടുകളുടെ മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്തുക, താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതവും സ്വാഗതാർഹവുമായ അന്തരീക്ഷം സ്ഥാപിക്കുക, പൊതുജനാരോഗ്യത്തിന് മുൻഗണന നൽകുക എന്നിവയാണ് മുനിസിപ്പാലിറ്റിയുടെ പ്രാഥമിക ലക്ഷ്യങ്ങൾ. പരിസ്ഥിതിയുടെ സംരക്ഷണവും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗവും ഈ നീക്കത്തിന്റെ മുൻനിരയിൽ വരുന്നുണ്ട്.
ഖരീഫ് ടൂറിസം സീസണിൽ ദോഫാർ ഗവർണറേറ്റിന്റെ വിവിധ മേഖലകളിലെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയെ പിന്തുണക്കുക എന്നത് മുനിസിപ്പാലിറ്റിയുടെ തന്ത്രത്തിന്റെ പ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ അതിന്റെ പ്രകൃതിസൗന്ദര്യം സംരക്ഷിക്കുന്നതിനൊപ്പം വിനോദസഞ്ചാരികൾക്കായി ഈ പ്രദേശത്തിന്റെ ആകർഷണം വർധിപ്പിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്. ലൈസൻസുകളില്ലാതെയും ആരോഗ്യ ആവശ്യകതകൾ പാലിക്കാതെയും അനധികൃതമായി ഭക്ഷ്യവസ്തുക്കളും സാധനങ്ങളും വിൽക്കുന്നത് ഫലപ്രദമായി തടയുമെന്ന് മുനിസിപ്പാലിറ്റി വക്താവ് അറിയിച്ചു.
ലൈസൻസില്ലാത്ത മൊബൈൽ തട്ടുകടകളുടെയും കിയോസ്കുകളുടെയും ഉടമകൾക്ക് മുനിസിപ്പാലിറ്റി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായ അനുമതികളും ലൈസൻസുകളും ലഭിക്കുന്നതുവരെ അവരുടെ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകും. ആരോഗ്യ ആവശ്യകതകൾ പാലിക്കാത്തതും ലൈസൻസില്ലാത്തതുമായ മൊബൈൽ കോഫി ഷോപ് വാഹനങ്ങളും ഉടനടി നീക്കം ചെയ്യുന്നതായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.