ഖരീഫ്: മുന്നൊരുക്കം വിലയിരുത്തി
text_fieldsമസ്കത്ത്: ഖരീഫ് സീസണുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ മുന്നൊരുക്കം വിലയിരുത്താനായി ദോഫാർ ഗവർണറേറ്റിലെ മുനിസിപ്പൽ കൗൺസിൽ യോഗം ചേർന്നു. മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിൻ സഈദ് കഷൂബ് അധ്യക്ഷത വഹിച്ചു. സീസണുമായി ബന്ധപ്പെട്ട പരിപാടികളും പദ്ധതികളും അതിന്റെ തയാറെടുപ്പിനെ കുറിച്ചും യോഗം ചർച്ച ചെയ്തു.
കാലാവസ്ഥ സാഹചര്യങ്ങൾക്കനുസൃതമായി നാഷനൽ സെന്റർ ഫോർ എമർജൻസി മാനേജ്മെന്റിന് കീഴിലുള്ള സാമൂഹിക വികസന സമിതികളെയും ദുരിതാശ്വാസ, അഭയ മേഖലയെയും സജീവമാക്കുന്നതിന് സോഷ്യൽ ഡെവലപ്മെന്റ് ജനറൽ ഡയറക്ടറേറ്റ് സമർപ്പിച്ച വിഷ്വൽ അവതരണത്തെക്കുറിച്ച് കൗൺസിലിനെ അറിയിച്ചു. ഗവർണറേറ്റുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ചർച്ച ചെയ്തു.
ഖരീഫ് സീസണുമായി ബന്ധപ്പെട്ട് ഗവർണറേറ്റിലെ വിവിധ പ്രവർത്തനങ്ങളും കാര്യങ്ങളും മറ്റും ഏകോപിപ്പിക്കുന്നതിനായി കഴിഞ്ഞദിവസം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ നേതൃത്വത്തിലും യോഗം ചേർന്നിരുന്നു.
ചരക്കുകളുടെയും ഭക്ഷ്യസേവനങ്ങളുടെയും വിതരണം, വാണിജ്യ ബാങ്കുകളുടെ സേവനങ്ങൾ, ഗ്യാസിന്റെ കാര്യക്ഷമത വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളായിരുന്നു യോഗത്തിൽ ചർച്ച ചെയ്തത്. റോഡ് മാർഗം ഗവർണറേറ്റിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വിവിധ വിലായത്തുകളിലെ 134 സ്റ്റേഷനുകളിൽ ഇന്ധനത്തിന്റെ അളവ് വർധിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഈ വർഷത്തെ ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവലിന്റെ ആഘോഷ പരിപാടികൾ വിവിധ ഇടങ്ങളിലാണ് നടക്കുക. ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നിരുന്ന പരിപാടികൾ പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും എടുത്തുകളഞ്ഞതിനാൽ ഇത്തവണ കൂടുതൽ സഞ്ചാരികൾ സലാലയിലേക്കും മറ്റും എത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.