ഖരീഫ്: മികച്ച മുന്നൊരുക്കവുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: ഖരീഫ് സീസണിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും എല്ലാസമയത്തും പൊലീസ് വിഭാഗത്തിന്റെ സേവനം ലഭ്യമാക്കുമെന്ന് ദോഫാർ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സഈദ് ബിന്‍ ഹമദ് അല്‍ ബലൂശി പറഞ്ഞു.
ഖരീഫ് സീസണിൽ ടൂറിസ്റ്റ് സൈറ്റുകളിലെ സുരക്ഷക്കും ട്രാഫിക് നടപടിക്രമങ്ങൾക്കുമുള്ള എല്ലാ ആവശ്യങ്ങളും നിർണയിക്കാൻ റോയൽ ഒമാൻ പൊലീസിന്റെ പ്രധാന കമ്മിറ്റികൾ നിരവധി യോഗങ്ങൾ ചേരുകയും ഫീൽഡ് സന്ദർശനങ്ങൾ നടത്തുകയും ചെയ്തു. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഈ സീസണിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനവ് നേരിടാൻ പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വഴിയരികില്‍ സെക്യൂരിറ്റി പോയന്റുകളും സംവിധാനിച്ചിട്ടുണ്ട്.
ഗതാഗത സുരക്ഷക്കായുള്ള നടപടികളും പൂര്‍ത്തീകരിച്ചു. മുഴുവന്‍ ഇടങ്ങളിലും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് പൊതുവിഭാഗത്തിന്റെ സേവനം ലഭ്യമാക്കി. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വഴികളിലും മുഴുവന്‍ സമയവും ആര്.ഒ.പി സ്പെഷല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പട്രോളിങ് നടത്തും. കോസ്റ്റ് ഗാര്‍ഡും സേവന സന്നദ്ധരായി രംഗത്തുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിലെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനുമായി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും.
ഖരീഫ് സമയത്തെ ദോഫാർ ഗവർണറേറ്റിൽനിന്നുള്ള കാഴ്ച (ഫയൽ)
ഖരീഫ് യാത്ര: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണം
മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായെത്തുന്ന സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ദോഫാർ ഗവർണറേറ്റ്. നിലവിൽ സലാലയടക്കമുള്ള നഗരപ്രദേശങ്ങളിൽ നല്ല ചൂടാണ് അനുവപ്പെടുന്നത്. എന്നാൽ, ജബൽ പ്രദേശങ്ങളിൽ ദിവസങ്ങക്ക് മുമ്പേ മഴ ലഭിക്കുകയും താപനിലയിൽ പ്രകടമായ മാറ്റം വരുകയും ചെയ്തു തുടങ്ങി. വരും ദിവസങ്ങളിൽ നഗരപ്രദേശങ്ങളിലും നനുത്ത മഴയും കുളിരും അനുഭവപ്പെടാൻ തുടങ്ങും. ഇതോടെ പ്രകൃതിയുടെ അനുഗ്രഹീത പ്രതിഭാസം നുകരാനായി സ്വദേശികളും വിദേശികളും ദോഫാറിലേക്ക് ഒഴുകും. ഖരീഫിന്റെ എല്ലാ സൗന്ദര്യവും ആസ്വദിക്കാനായി മികച്ച യാത്ര മുന്നൊരുക്കങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു
സുരക്ഷ നിർദേശങ്ങൾ പാലിക്കേണ്ടതതും പ്രധാനപ്പെട്ട കാര്യമാണ്. ദോഫാർ ഗവർണറേറ്റിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്യുമ്പോഴും തയാറാക്കുമ്പോഴും മുൻഗണനകളിൽ ഇത് മുൻപന്തിയിലായിരിക്കണം. യാത്രാവേളയിൽ വിശ്രമസ്ഥലങ്ങളും വാഹന സർവിസ് സ്റ്റേഷനുകളും മനസ്സിലാക്കിവെക്കുക. ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിൽ സുരക്ഷാ നിയമങ്ങൾ പാലിച്ച് നീങ്ങാനും വിശ്രമിക്കാനും അനുയോജ്യമായ സമയം തിരഞ്ഞെടുക്കുക.
പാതയോരത്തെ വിശ്രമകേന്ദ്രങ്ങളുടെയും ഇന്ധന സ്റ്റേഷനുകളുടെയും സ്ഥാനങ്ങൾ തിരിച്ചറിഞ്ഞ് യാത്രയുടെ റൂട്ട് പഠിക്കേണ്ടത് ആവശ്യമാണ്. കൂടാതെ, എമർജൻസി നമ്പറുകളും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ സ്ഥാനങ്ങളും ദോഫാർ ഗവർണറേറ്റിലേക്കുള്ള വഴിയിൽ വ്യാപിച്ചുകിടക്കുന്ന ആംബുലൻസ് പോയിൻറുകളും അറിഞ്ഞിരിക്കണം.
ഖരീഫ് സീസണിൽ ഗതാഗത സുരക്ഷ വളരെ പ്രധാനമാണ്. ട്രാഫിക് നിയമങ്ങൾ എല്ലാവരും പാലിക്കണം. നിയമപരമായ വേഗം മറികടക്കാൻ ശ്രമിക്കരുത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
യാത്രക്കിടെ, എൻജൻ അമിതമായി ചൂടാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾ നിർത്തണം. കൂടാതെ ഇന്ധനം നിറക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യുന്നതടക്കമുള്ള സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുക. എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുക. വാഹനത്തിനുള്ളിൽ അനുവദിച്ച സുരക്ഷാ സീറ്റുകളിൽ കുട്ടികളെ ഇരുത്താനും ശ്രദ്ധിക്കുക.
യാത്രക്കിടെ പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനമുണ്ടായാൽ വാഹനത്തിന്റെറെ വേഗം കുറക്കാനും അമിത വേഗത ഒഴിവാക്കാനും ഓരോ റോഡിന്റെയും വേഗപരിധി പാലിക്കാനും ശ്രദ്ധിക്കുക. യാത്രക്കിടെ വാഹനാപകടം ഉണ്ടായാൽ സുരക്ഷിതമായി നിങ്ങളുടെ വണ്ടി മാറ്റി ഇടുക. മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് വാഹനത്തിന്റെ ഇരട്ട ട്രാഫിക് ലൈറ്റുകൾ ഉപയോഗിക്കുക. സഹായത്തിനായി എമർജൻസി നമ്പറിൽ (9999) വിളിക്കുക.
നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് വാതക ചോർച്ച അനുഭവപ്പെടുകയാണെങ്കിൽ വാതിലുകളും ജനലുകളും തുറക്കുക. തീ പിടിക്കാൻ കാരണമാകുന്ന സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക. കുടുംബാംഗങ്ങളെ പുറത്തേക്ക് മാറ്റുക. സാധ്യമെങ്കിൽ ഗ്യാസ് സിലിണ്ടർ വാൽവ് അടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.