ഖരീഫ് സീസൺ; സഞ്ചാരികൾക്കായി 6000 ഹോട്ടൽ മുറികൾ
text_fieldsമസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണെ വരവേൽക്കുന്നതിന്റെ ഭാഗമായി ദോഫാറിൽ മുന്നൊരുക്കത്തിന് വേഗംകൂട്ടി അധികൃതർ. സഞ്ചാരികൾക്കായി 6000ത്തോളം ഹോട്ടൽ മുറികളാണ് ഒരുക്കിയിരിക്കുന്നതെന്ന് പൈതൃക, വിനോദസഞ്ചാര മന്ത്രാലയം അധികൃതര്‍ പറഞ്ഞു. സലാലയിലേക്ക് ഒമ്പതു വിമാന കമ്പനികൾ ഈ മാസം നേരിട്ട് സര്‍വിസുകള്‍ നടത്തും. ഇതോടെ ആഴ്ചയില്‍ 170ലേറെ വിമാന സര്‍വിസുകളായിരിക്കും സലാലക്ക് ലഭിക്കുക. മസ്കത്ത്, സുഹാര്‍ വിമാനത്താവളങ്ങളില്‍നിന്ന് 110 വിമാന സര്‍വിസുകളുണ്ടാകും. യു.എ.ഇയില്‍നിന്ന് 36 വിമാനങ്ങളും സൗദി അറേബ്യയില്‍നിന്ന് 13ഉം ഖത്തറില്‍നിന്ന് ഏഴും കുവൈത്തില്‍നിന്ന് അഞ്ചും വിമാനങ്ങള്‍ സര്‍വിസുകള്‍ നടത്തും.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഗവർണറേറ്റിലെ മറ്റ് സർക്കാർ, സ്വകാര്യ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് മുന്നൊരുക്കം നടത്തിക്കൊണ്ടിരിക്കുന്നത്. ഗവർണറേറ്റിലെ പ്രസക്തമായ നിരവധി സർക്കാർ ഏജൻസികളുമായും സ്വകാര്യമേഖല സ്ഥാപനങ്ങളുമായും ഡയറക്ടറേറ്റ് വിപുലമായ യോഗം ചേർന്നിട്ടുണ്ട്.
മന്ത്രാലയത്തിന്റെ മുന്നൊരുക്കം, ചരക്കുകളുടെയും ഭക്ഷ്യ സേവനങ്ങളുടെയും വിതരണം, വാണിജ്യ ബാങ്ക് സേവനങ്ങളുടെ പ്രോത്സാഹനം, ഇന്ധന സ്റ്റേഷൻ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനായിരുന്നു യോഗം. എ.ടി.എമ്മുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഗവർണറേറ്റിലെ വാണിജ്യ ബാങ്കുകളുടെ ഉദ്യോഗസ്ഥരുമായി ഡയറക്ടറേറ്റ് സംസാരിച്ചിട്ടുണ്ട്. സീസണിൽ മാർക്കറ്റുകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം ഉറപ്പാക്കാനും അറ്റകുറ്റപ്പണി നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഖരീഫിനോടനുബന്ധിച്ചുള്ള മഴക്കാല സീസൺ ആരംഭിക്കുന്നത് ജൂലൈ 23 മുതൽ സെപ്റ്റംബർ 21 വരെയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്. ദോഫാർ ഗവർണറേറ്റിന്റെ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. 2019ൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 7,50,000 സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയിരുന്നത്. ഖരീഫ് സീസണിനോടനുബന്ധിച്ച് ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവലിന്റെ ആഘോഷ പരിപാടികൾ കഴിഞ്ഞ വർഷം വിവിധ ഇടങ്ങളിലാണ് നടന്നിരുന്നത്.
ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നിരുന്ന പരിപാടികൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അരങ്ങേറിയത്. കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ സീസണായതിനാൽ കഴിഞ്ഞ വർഷം ജി.സി.സി രാജ്യങ്ങളിൽനിന്നടക്കം നിരവധി പേരാണ് സലാലയുടെ പച്ചപ്പും കുളിരും നുകരാനെത്തിയത്. വർഷം മുഴുവൻ ദോഫാറിനെ ടൂറിസം സീസണാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികളാണ് അധികൃതർ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.