ഖരീഫ് സീസൺ; എസ്.എം.ഇകൾ ശക്തിപ്പെടുത്താൻ ദോഫാർ മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: ഖരീഫ് സീസണിൽ ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്.എം.ഇ) ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി ദോഫാർ മുനിസിപ്പാലിറ്റി. ഇതിന്റെ ഭാഗമായി തെരുവുകച്ചവടക്കാർക്ക് ഏഴ് സ്ഥലങ്ങളാണ് നീക്കിവെച്ചിരിക്കുന്നത്. മക്ഷെൻ ഒയാസിസ്, ഇത്താലത്ത് ഹംരീർ, അപ്ടൗൺ ഏരിയ ഓഫ് അറ്റീൻ പ്ലെയിൻ, ദർബത്ത് വെള്ളച്ചാട്ടം, വാദി ദർബത്തിലെ കനാൽ വാക്ക്, ഐൻ ജേർസിസ്, മുഗ്സൈൽ എന്നിവിടങ്ങളിലാണ് തെരുവുകച്ചവടക്കാർക്കായി അനുവദിച്ച സൈറ്റുകൾ.
ഒമാനി യുവാക്കൾക്കിടയിൽ തൊഴിലവസരങ്ങളും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് മുനിസിപ്പാലിറ്റി തെരുവുകച്ചവടക്കാർക്ക് സൗജന്യമായി സ്റ്റാളുകളും വണ്ടികളും വാഗ്ദാനംചെയ്തിരിക്കുന്നത്. അതോറിറ്റി ഫോർ എസ്.എം.ഇ ഡെവലപ്മെന്റ് നൽകുന്ന റിയാദ കാർഡുകൾ കൈവശമുള്ള വ്യക്തികൾക്ക് മുൻഗണന നൽകുമെന്ന് സംരംഭം പ്രഖ്യാപിച്ച് ദോഫാർ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞദിവസം സമാപിച്ചു. തിരഞ്ഞെടുക്കുന്നരെ ഫീസിൽനിന്ന് ഒഴിവാക്കും. ജൂലൈ 15 മുതൽ ഒക്ടോബർ 15വരെയായിരിക്കും പ്രവർത്തന കാലയളവ്. ഈ പ്രവർത്തനകാലയളവിൽ ജോലിക്കായി ഒമാനികളെ നിയമിക്കുകയും വേണം.
കൂടാതെ, റസ്റ്റാറന്റുകളിലും കഫേകളിലും ഭക്ഷണം തയാറാക്കുന്നത് ഇലക്ട്രോണിക് രീതിയിൽ നിരീക്ഷിക്കുന്നതിനുള്ള കാമ്പയിനും മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും ആരോഗ്യ നിയന്ത്രണ നടപടികൾ പാലിക്കുന്നതിന്റെയും ഭാഗമായാണിത്. ആദ്യഘട്ടത്തിൽ ഭക്ഷണശാലകൾ, കഫേകൾ, ബേക്കറികൾ തുടങ്ങിയവയുടെ ഭക്ഷണം തയാറാക്കുന്ന സ്ഥലങ്ങളിൽ എച്ച്.ഡി നിരീക്ഷണക്കാമറകൾ (സി.സി.ടി.വി) സ്ഥാപിക്കണം. ഇത്തരം സ്ഥാപനങ്ങളുടെ ഡൈനിങ് ഹാളുകളിൽ 42 ഇഞ്ചിൽ കുറയാത്ത ടി.വി സ്ക്രീനും ഒരുക്കണം. ഭക്ഷണപാനീയങ്ങൾ തയാറാക്കുന്നത് തത്സമയം ഉപഭോക്താക്കൾക്ക് കാണാനാണ് ഈ സംവിധാനം ഒരുക്കാൻ അധികൃതർ നിർദേശിച്ചിരിക്കുന്നത്.
ഭക്ഷണം തയാറാക്കലും പാചകജീവനക്കാരുടെ പ്രവർത്തനവും നിരീക്ഷിക്കുക, ഭക്ഷണശാലകളിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിയന്ത്രണ പ്രവർത്തന പ്രക്രിയകൾ കാര്യക്ഷമമാക്കുക, ഭക്ഷ്യ തൊഴിൽ സമ്പ്രദായം വികസിപ്പിക്കുക, നിയമലംഘനങ്ങൾ കുറക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.