ഖരീഫ് സീസൺ: സി.ഡി.എ.എ സുസജ്ജം
text_fieldsമസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണെ വരവേൽക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു. ദോഫാറിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചതായി സിവില്‍ ഡിഫന്‍സ് ഓപറേഷന്‍സ് ആൻഡ് ട്രെയിനിങ് ഡയറക്ടര്‍ ജനറല്‍ കേണല്‍ മുബാറക് ബിന്‍ സലിം അല്‍ അറൈമി പറഞ്ഞു.
ദാഖിലിയ, ദാഹിറ, അൽ വുസ്ത ഗവർണറേറ്റുകളിലെ ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ അവയെ നേരിടാൻ പുതിയ കൺട്രോൾ പോയന്റുകളും ഒരുക്കിയിട്ടുണ്ട്. തെക്കൻ ശർഖിയയെ അൽ വുസ്ത, ദോഫാർ എന്നിവയുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡിൽ രണ്ട് കൺട്രോൾ പോയന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ദാഖിലിയയെയും ദാഹിറയെയും ദോഫാറുമായി ബന്ധിപ്പിക്കുന്ന റോഡിൽ പോയന്റുകളും സ്ഥാപിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ്, ആംബുലൻസ് സേവനങ്ങൾ നൽകുന്നതിനായാണ് ഇത് ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് സഹായം നൽകുന്നതിനായി ഫീൽഡ് ടീമുകളെ വിവിധ സ്ഥലങ്ങളിലും കമാൻഡ് സെന്ററുകളിലും നിർത്തിയിട്ടുണ്ട്. ഈ ടീമുകൾ സുരക്ഷ അവബോധം സൃഷ്ടിക്കുന്നതിനും യാത്രക്കാർക്ക് വഴികാട്ടുന്നതിനും പുറമേ, ജീവനും സ്വത്തിനും കേടുപാടുകൾ കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ആളുകളെ സഹായിക്കും. കൃത്യമായ വിവരങ്ങൾക്കായി അതോറിറ്റിയുടെ മീഡിയ പ്ലാറ്റ്ഫോമുകളെ പിന്തുടരണം
വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പരിപാലിക്കുക, ഫസ്റ്റ് എയ്ഡ് ബാഗ് കരുതുക, പ്രവര്‍ത്തിക്കുന്ന അഗ്നിശമന ഉപകരണം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. യാത്രയില്‍ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ വിശ്രമിച്ച് യാത്ര തുടരണം. അനുമതിയില്ലാത്ത കുളങ്ങളിലും ബീച്ചുകളിലും മറ്റും നീന്തരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.