ഖരീഫ് സീസൺ: സന്ദർശകർക്ക് നിർദേശങ്ങളുമായി സി.ഡി.എ.എ
text_fieldsമസ്കത്ത്: ഖരീഫ് സീസണിൽ ദോഫാർ സന്ദർശിക്കുന്നവർ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു. ഈ കാലങ്ങളിൽ എത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും നൽകാനുള്ള സേവനങ്ങളെ കുറിച്ചും അധികൃതർ വ്യക്തമാക്കി.
സീസണുമായി ബന്ധപ്പെട്ട് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായെന്ന് സി.ഡി.എ.എ ഓപറേഷൻസ് ആൻഡ് ട്രെയിനിങ് ഡയറക്ടർ ജനറൽ കേണൽ മുബാറക് ബിൻ സാലിം അൽ അറൈമി പറഞ്ഞു.
റോഡുകളിലെ അപകടം നേരിടാൻ പുതിയ കൺട്രോൾ പോയന്റുകളും സി.ഡി.എ ഒരുക്കി. തെക്കൻ ശർഖിയയെ അൽ വുസ്ത, ദോഫാർ എന്നിവയുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡിൽ രണ്ട് പോയന്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കേണൽ അറൈമി പറഞ്ഞു. ഇതിനുപുറമെ ദാഖിലിയയെയും ദാഹിറയെയും ദോഫാറുമായി ബന്ധിപ്പിക്കുന്ന റോഡിൽ അഞ്ച് കൺട്രിപോയന്റുകളുമുണ്ട്. സിവിൽ ഡിഫൻസ്, ആംബുലൻസ് സേവനം നൽകാനായാണിത്.
കമ്പനികളോടും റിയൽ എസ്റ്റേറ്റ് ഉടമകളോടും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാനും ആവശ്യമായ അറ്റകുറ്റപ്പണി നടത്താനും നിർദേശിച്ചിട്ടുണ്ട്.
ദോഫാറിലെത്തുന്നവർ സന്ദർശന വേളയിൽ സുരക്ഷ നിർദേശം പാലിക്കണമെന്നും യാത്രയ്ക്ക് മുന്നൊരുക്കം നടത്തണമെന്നും കേണൽ മുബാറക് ബിൻ സാലിം അൽ അറൈമി പറഞ്ഞു.
വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി പരിപാലിക്കുക, ഫസ്റ്റ് എയ്ഡ് ബാഗ് കരുതുക, പ്രവർത്തിക്കുന്ന അഗ്നിശമന ഉപകരണം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സന്ദർശകർ തങ്ങളുടെ റൂട്ടിലെ വിശ്രമ മുറികളെയും സർവിസ് സ്റ്റേഷനുകളെയും കുറിച്ച് മുൻകൂട്ടി മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. യാത്രക്കായി അനുയോജ്യമായ സമയം തിരഞ്ഞെടുക്കണം.
ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ വിശ്രമിച്ചേ യാത്ര തുടരാവൂ.
മുൻകരുതലുകളും മറ്റും ഒരുക്കാത്ത കുളങ്ങളിലും ബീച്ചുകളിലും നീന്തരുത്. ഖരീഫ് സീസണിൽ തിരമാലകൾ അനിയന്ത്രിതമായി ഉയർന്നേക്കാം.
കുട്ടികളെ ശ്രദ്ധിക്കണമെന്നും സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കരുതെന്നും അധികൃതർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.