ഖരീഫ് സീസൺ: വരുന്നു, സലാലക്ക് ആഘോഷരാവുകൾ
text_fieldsമസ്കത്ത്: ഖരീഫ് സീസണിനോടനുബന്ധിച്ച് ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റിവൽ ആഘോഷ പരിപാടികൾ ജൂലൈ 15 മുതൽ ആഗസ്റ്റ് 31 വരെ നടക്കും.ദോഫാർ മുനിസിപ്പാലിറ്റി ചെയർമാനും ഖരീഫ് 2023ന്റെ മെയിൻ കമ്മിറ്റി ചെയർമാനുമായ ഡോ. അഹമ്മദ് ബിൻ മുഹ്സിൻ അൽ ഗസാനി, മുനിസിപ്പാലിറ്റിയിലെ ഇവന്റ്സ് ആൻഡ് അവേർനെസ് ഡിപ്പാർട്മെന്റ് ഡയറക്ടർ അമ്മാർ ബിൻ ഉബൈദ് ഗവാസ് എന്നിവർ വാർത്തസമ്മേളനത്തിലാണ് ഈ വർഷത്തെ ഖരീഫ് സീസണിലെ പരിപാടികളെ കുറിച്ച് വിശദീകരിച്ചത്.
ദോഫാർ മുനിസിപ്പാലിറ്റിയിലെ വിവിധ വകുപ്പുകളിലെ ജനറൽ മാനേജർമാർ, വിവിധ മാധ്യമ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെപോലെ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കല-സാംസ്കാരിക പരിപാടികൾ നടക്കുക.സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ സീസണിന് ഒരു പ്രത്യേക ഐഡന്റിറ്റി നൽകുകയെന്ന ലക്ഷ്യത്തോടെ ‘ഖരീഫ് ദോഫാർ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഗവർണറേറ്റിലെ എല്ലാ വിലായത്തുകളുടെയും സംസ്കാരം, ഷോപ്പിങ്, വിനോദം, കായികം, സാംസ്കാരിക ഘടകങ്ങൾ എന്നിവയുൾപ്പെടെ മനോഹരമായ പ്രകൃതിയും പ്രവർത്തനങ്ങളും ആസ്വദിക്കാനുമുള്ള അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ പരിപാടിയിൽ അൽ ഹഫ ഏരിയയിലെ ഇവന്റുകളും ഉൾപ്പെടുന്നുണ്ട്.
നഗരം, ഗ്രാമം, സമുദ്രം, നാടോടി, കാർഷികം എന്നിങ്ങനെയുള്ള ദോഫാറിന്റെ അഞ്ച് ഘടകങ്ങളിലായിരിക്കും ഇവിടെ പരിപാടികൾ പ്രദർശിപ്പിക്കുക. ഒമാനി ഭക്ഷണത്തിനുള്ള റസ്റ്റാറന്റുകൾ, വിവിധ പൈതൃക വിപണികൾ, കരകൗശല ഉൽപന്നങ്ങൾ, തത്സമയ പ്രകടനങ്ങൾ തുടങ്ങിയവയും ഉണ്ടായിരിക്കുമെന്ന് ഡോ. അഹമ്മദ് അൽ ഗസാനി പറഞ്ഞു.
രുചിവൈവിധ്യങ്ങളുമായി ചോക്ലറ്റ് എക്സിബിഷൻ
സലാല ഇന്റർനാഷനൽ ചോക്ലറ്റ് എക്സിബിഷൻ (ചോക്കോ സ്പ്രേ) പോലുള്ള നിരവധി പ്രത്യേക പ്രദർശനങ്ങളും നടക്കും. ഇതിൽ അന്താരാഷ്ട്ര ചോക്ലറ്റ് കമ്പനികളുടെ പ്രദർശനങ്ങൾ, 100 ചോക്ലറ്റ് രൂപങ്ങൾ, അന്താരാഷ്ട്ര വിദഗ്ധർ അവതരിപ്പിക്കുന്ന ചോക്ലറ്റ് രൂപങ്ങളുടെ തത്സമയ അവതരണവും ഇതിന്റെ ഭാഗമായുണ്ടാകും. ജ്വല്ലറി എക്സിബിഷൻ, ഗൾഫ് പെർഫ്യൂം എക്സിബിഷൻ, ഗൾഫ് ഫാഷൻ എക്സിബിഷൻ എന്നിവയും നടത്തും.
സലാല പാർക്കിൽ നടക്കുന്ന ‘ലൈറ്റ് പാർക്കിൽ’ തിയറ്റർ, പൂന്തോട്ടം, പക്ഷികൾ, കഫേകൾ, റസ്റ്റാറന്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവക്കായി ഒരു കോർണറും ഒരുക്കിയിട്ടുണ്ടാകും.ഗാർഡൻ ഓഫ് ഹാപിനസിൽ ‘സലാല ഈറ്റ് - പീപ്ൾസ് കിച്ചൻ’ സംഘടിപ്പിക്കും. ഇതിൽ നിരവധി അന്താരാഷ്ട്ര റസ്റ്റാറന്റുകളും കഫേകളും അന്താരാഷ്ട്ര പാചകക്കാരുടെ സാന്നിധ്യത്തിൽ പാചക മത്സരവും (സലാല ഷെഫ്) നടക്കും.അൽ മൊറൂജ് തിയറ്ററിൽ, നിരവധി കലാകച്ചേരികളാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
നിരവധി രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ, പ്രാദേശികവും അന്തർദേശീയവുമായ നിരവധി നാടക പ്രകടനങ്ങൾ എന്നിവ അരങ്ങേറും. പ്രത്യേക പരിശീലകരുടെ മേൽനോട്ടത്തിൽ അൽ ദഹാരിസ് ബീച്ചിൽ കപ്പൽയാത്ര, കയാക്കുകൾ, തുഴച്ചിൽ ബോട്ടുകൾ തുടങ്ങി നിരവധി കായിക മത്സരങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഖരീഫ് ദോഫാർ സാക്ഷ്യം വഹിക്കും. മിർബത്തിലെ വിലായത്തിലെ അൽ ദുമ്മർ ബീച്ച് ദോഫാർ അന്താരാഷ്ട്ര റേസിങ് മത്സരത്തിനും ആതിഥേയത്വം വഹിക്കും.
ലൈറ്റിങ്, ലേസർ, ഡ്രോൺ ഷോകൾ
ഷോപ്പിങ് പ്രവർത്തനങ്ങൾ, ഇലക്ട്രിക് ഗെയിമുകൾ, ലൈറ്റിങ്, ലേസർ ഷോകൾ, ഡ്രോൺ ഷോകൾ, ടെസ്ലെങ്കോ ഫാമിലി സർകസ്, വിവിധ റസ്റ്റാറന്റുകൾ, കഫേകൾ എന്നിവയാണ് ഇത്തീൻ സ്ക്വയറിൽ നടക്കുന്ന പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഔഖാദ് പാർക്കിൽ കുട്ടികൾക്ക് ഒരുക്കിയിരുന്ന ഇവന്റിൽ സ്മർഫ്സ് വില്ലേജ്, മാഷ ആൻഡ് ബിയർ വില്ലേജ്, പാണ്ട വില്ലേജ് എന്നിവക്കൊപ്പം ഇന്ററാക്ടിവ് ഗെയിമുകൾ, കാൻഡി മ്യൂസിയം (നൈന), സ്കേറ്റിങ് റിങ്, ഐസ്, എയർ ഗെയിമുകൾ, ആലിസ് ഇൻ വണ്ടർലാൻഡ് ഇവന്റുകൾ, ആനിമേറ്റഡ് ഗ്ലോബൽ ഇവന്റുകൾ എന്നിവയും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.