ഖരീഫ് സീസൺ അവസാനിക്കുന്നു; കിട്ടാക്കനിയായി കരിക്ക്
text_fieldsമസ്കത്ത്: സലാലയിലെ മഴക്കാല ഉത്സവമായ ഖരീഫ് ഫെസ്റ്റിവൽ അവസാനിക്കുന്നു. ഇതോടെ ഉത്സവ നഗരിയിൽനിന്ന് തിരക്കൊഴിയാൻ തുടങ്ങി. ഈ വർഷം ഫെസ്റ്റിവൽ കാലത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ തിരക്കാണ് അനുഭവപ്പെട്ടത്.
എന്നാൽ, സലാലയിലെത്തുന്നവരുടെ പ്രധാന ആകർഷകമായ കരിക്ക് ഈ വർഷം കിട്ടാക്കനിയായിരുന്നുവെന്ന് സലാലയിൽ പഴസ്റ്റാളുകൾ നടത്തുന്ന വ്യാപാരികൾ പറയുന്നു. സലാലയിലെത്തുന്നവരെല്ലാം ഇവിടത്തെ തോട്ടങ്ങളിൽ വിളയുന്ന കരിക്കുകൾ കുടിക്കാറുണ്ട്. ഈ വർഷം കരിക്കുകളുടെ ലഭ്യത കുറവായിരുന്നതിനാൽ സന്ദർശകരിൽ പലർക്കും ലഭിച്ചില്ല. സ്റ്റോക്ക് കുറവായതിനാൽ ചില കടകളിൽ ദിവസങ്ങളോളം കരിക്ക് വിൽപനപോലും നടന്നിരുന്നില്ല. ഉൽപാദനം കുറഞ്ഞതും മസ്കത്തിലേക്കും മറ്റും കയറ്റിയയക്കുന്നതുമാണ് കരിക്കിന് ക്ഷാമം നേരിടാൻ കാരണമാക്കിയതെന്ന് വ്യാപാരികൾ പറയുന്നു.
തെങ്ങിന് രോഗം ബാധിച്ചതിനാൽ പൊതുവേ കരിക്കിന്റെ ഉൽപാദനം കുറവായിരുന്നുവെന്ന് സലാലയിൽ പഴം സ്റ്റാൾ നടത്തുന്ന വടകര പൈങ്ങോട്ടായി സ്വദേശി പങ്കജാക്ഷൻ പറഞ്ഞു.
തെങ്ങുകൾക്ക് അടുത്തിടെ രോഗം ബാധിച്ചിരുന്നു. തെങ്ങിന്റെ മണ്ടക്ക് കേടുവരുന്ന രോഗമാണിത്. ഈ രോഗം തോട്ടത്തിലെത്തിയാൽ എല്ലാ തെങ്ങുകളെയും ബാധിക്കുകയും മച്ചിങ്ങ കൊഴിഞ്ഞുപോവുകയും ചെയ്യും. ഇതോടെ കരിക്കുകൾ ആവശ്യത്തിന് കിട്ടാതാവും. ഇതുകാരണം തോട്ടം വാടകക്കെടുത്ത പലർക്കും നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.
എന്നാൽ, കാർഷിക മന്ത്രാലയം അധികൃതർ മരുന്ന് തളിക്കുകയും മറ്റും ചെയ്തതോടെ രോഗങ്ങൾക്ക് കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുവേ ഉൽപാദനം കുറഞ്ഞതോടൊപ്പം നല്ല തോതിൽ കരിക്കുകൾ മസ്കത്തിലേക്കും മറ്റും കയറ്റിയയക്കുന്നതും ചെറുകിട വ്യാപാരികൾക്ക് കരിക്ക് വിൽപനക്ക് ലഭിക്കാതിരിക്കാൻ കാരണമായി. ശ്രീലങ്കയിൽനിന്നും മറ്റും ചുവന്ന കരിക്കുകൾ സലാലയിൽ എത്തുന്നുണ്ടെങ്കിലും സന്ദർശകർ സലാല കരിക്കുകൾക്കാണ് മുൻഗണന നൽകുന്നത്. അതോടൊപ്പം ശ്രീലങ്കൻ കരിക്കുകൾക്ക് വില കൂടുതലായതിനാൽ അവ വിൽക്കുന്നതുകൊണ്ട് വലിയ പ്രയോജനം ലഭിക്കില്ല. അതിനാൽ വ്യാപാരികൾ ശ്രീലങ്കൻ കരിക്കുകൾ വിൽപനക്ക് വെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം കൂടുതൽ സന്ദർശകർ എത്തിയതിനാൽ മറ്റ് പഴവർഗങ്ങൾക്ക് ആവശ്യക്കാർ കൂടുതലായിരുന്നു. അതിനാൽ വ്യാപാരികൾക്ക് നല്ല ബിസിനസും ലഭിച്ചിരുന്നു.
ഖരീഫ് സീസണിൽ സന്ദർശകരുടെ വൻ ഒഴുക്ക് ഉണ്ടാവുന്നതിനാൽ ഇതിനായി വ്യാപാരികളും കർഷകരും നേരത്തെതന്നെ ഒരുങ്ങാറുണ്ട്. ഖരീഫ് കാലത്തെ മുന്നിൽക്കണ്ട് വാഴ, പപ്പായ അടക്കമുള്ള നിരവധി കൃഷികൾ ഇറക്കാറുണ്ട്. ഇതിൽ നിരവധി മലയാളികളും രംഗത്തുണ്ട്. ആദ്യകാലത്ത് മലയാളികൾ മാത്രമാണ് ഈ മേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ, ബംഗ്ലാദേശികളും മറ്റും രംഗത്തെത്തിയതോടെ മലയാളികൾ പലരും രംഗംവിട്ടിട്ടുണ്ട്.
വ്യാപാരികൾക്കും കച്ചവടക്കാർക്കും ഏറ്റവും കൂടുതൽ വ്യാപാരം ലഭിക്കുന്നത് ഖരീഫ് സീസണിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.