ഖരീഫ് സീസൺ; സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന
text_fieldsമസ്കത്ത്: ദോഫാറിൽ ഖരീഫ് സീസൺ ആരംഭിച്ചതോടെ സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. 2023നെ അപേക്ഷിച്ച് ഇത്തവണത്തെ സീസൺ ആരംഭിച്ച് ഒരുമാസത്തിനുള്ളിൽ തന്നെ 11 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ദോഫാർ ഗവർണറേറ്റിന്റെ മികച്ച ടൂറിസം പദ്ധതിയാണ് ഖരീഫെന്നും സ്വദേശികളും വിദേശികളുമായി ധാരാളം യാത്രക്കാർ വരും ദിവസങ്ങളിൽ സലാല എയർപോർട്ട് വഴി യാത്രചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സലാല എയർപോർട്ട് വൈസ് പ്രസിഡന്റ് സക്കരിയ്യ ബിൻ യാകൂബ് അൽ ഹറാസി പറഞ്ഞു. ഒമാനിലെ ഗവർണറേറ്റുകളിൽ ടൂറിസം സീസൺ ആരംഭിക്കുന്നതോടെ പ്രത്യേകിച്ച് ഖരീഫ് സീസൺ തുടങ്ങുന്നതിന് മുമ്പായി തന്നെ സഞ്ചാരികളുടെ യാത്ര സുഗമമാക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും എയർപോർട്ടുകൾ ഒരുക്കാറുണ്ട്. ഖരീഫ് സീസൺ ആരംഭിച്ചതോടെ 18 സ്ഥലങ്ങളിൽ നിന്ന് 10 ഇന്റർനാഷനൽ എയർലൈൻസുകളാണ് സലാലയിലേക്ക് നേരിട്ട് സർവിസ് നടത്തുന്നത്.
ലക്ഷക്കണക്കിന് യാത്രക്കാരാണ് സീസണിലൂടനീളം സലാല എയർപോട്ട് വഴി സഞ്ചരിക്കാറുള്ളത്. ദിനേന ആയരത്തിലധികം സഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ, ഖരീഫ് സീസണിനായെത്തുന്ന സഞ്ചാരികൾക്ക് യാത്ര നടപടിക്രമങ്ങൾ അനായാസം പൂർത്തിയാക്കാൻ സാധിക്കുന്ന ട്രാവൽ ഈസിയർ പദ്ധതി ഒമാൻ എയർപോർട്ടുകൾ ആവിഷ്കരിച്ചിട്ടുണ്ട്. യാത്രക്കാരിൽ നിന്ന് ബാഗുകൾ സ്വീകരിക്കാനും വിമാനം പുറപ്പെടുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പായി ബോർഡിങ് പാസുകൾ നൽകാനും ട്രാവൽ ഈസിയർ വഴി സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.