ഖരീഫ് സീസൺ; റോഡുകളുടെ അറ്റകുറ്റപ്പണികളും സുരക്ഷ നടപടികളും പൂർത്തിയായി
text_fieldsമസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി എത്തുന്ന സഞ്ചാരികൾക്ക് യാത്ര സുഗമമാക്കാൻ റോഡുകളുടെ അറ്റകുറ്റപ്പണികളും സുരക്ഷ നടപടികളും പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. അതിർത്തി ചെക്ക്പോസ്റ്റുകൾ മുതൽ ദോഫാറിലെ വിവിധ ടൂറിസം സ്ഥലങ്ങൾവരെ നീളുന്ന എല്ലാ റോഡുകളിലേയും പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. മൺസൂൺ കാറ്റുമൂലം ചില റോഡുകളിൽ അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യാൻ മന്ത്രാലയത്തിന്റെ വർക്ക് ടീം 24 മണിക്കൂറും നിരീക്ഷിക്കുകയും ചെയ്യും. അതേസമയം, വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ ദോഫാറിലേക്ക് ഒഴുകുമെന്നാണ് കരുതുന്നത്. കൂടുതൽ ആളുകളും റോഡ് മാർഗം എത്താനാണ് സാധ്യത. ഇത് മുന്നിൽ കണ്ടാണ് മികച്ച മുന്നൊരുക്കങ്ങൾ നടത്തിയത്. കഴിഞ്ഞ വർഷം സഞ്ചാരികൾ കൂടുതലായി എത്തിയിരുന്നത് റോഡ് മാർഗമായിരുന്നു.
ഖരീഫ് സീസണിൽ ദോഫാറിൽ എത്തുന്നവരും കൂടെയുള്ളവരും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കൂടുതൽ ബോധവത്കരണ നടപടികളുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സി.ഡി.എ.എ അറബിയിലും ഇംഗ്ലീഷിലുമുള്ള ബോധവത്കരണ ബുക്ക്ലെറ്റ് പുറത്തിറക്കിയിരുന്നു. യാത്ര തുടങ്ങുന്നതിന് മുമ്പ് അറ്റകുറ്റപ്പണികൾ നടത്തി വാഹനങ്ങളുടെ സുരക്ഷ പരിശോധന ഉറപ്പു വരുത്തണം. സ്ട്രെച്ച് റോപ്പ്, വെള്ളം, ലാമ്പ്, ചാർജർ, മൊബൈൽ ഫോൺ തുടങ്ങിയവ വാഹനത്തിൽ കരുതേണ്ടതാണ്. മരുന്നുകളും ആവശ്യമായ ഉപകരണങ്ങളും അടങ്ങിയ ഒരു പ്രഥമശുശ്രൂഷ കിറ്റ് സൂക്ഷിക്കുകയും വേണം.
സ്വയം പ്രവർത്തിപ്പിക്കാൻ കഴിയുന്ന അഗ്നിശമന ഉപകരണവും വാഹനത്തിൽ സൂക്ഷിക്കണം. ഇതു പ്രവർത്തിപ്പിക്കാൻ പരിശീലനം നേടുകയും വേണം. അനാവശ്യ ഉപകരണങ്ങളിൽ നിന്ന് വൈദ്യുതി പ്രവാഹം വിച്ഛേദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വാഹനമോടിക്കുമ്പോൾ വേഗം കുറക്കുകയും സുരക്ഷ മുൻകരുതലുകൾ പാലിക്കുകയും ചെയ്യുക. സേഫ്റ്റി ബെൽറ്റ് ധരിക്കുകയും കുട്ടികളെ അവർക്കായി നിശ്ചയിച്ചിട്ടുള്ള സുരക്ഷ സീറ്റിൽ ഇരുത്തുകയും ചെയ്യണമെന്ന് ബോധവത്കരണ ബുക്ക്ലെറ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.