ഖരീഫ് സീസൺ: സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികളുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: ഖരീഫ് സമയത്ത് ദോഫാറിൽ എത്തുന്ന സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ നടപടിയുമായി റോയൽ ഒമാൻ പൊലീസ്. ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) പ്രത്യേക ചെക്ക്പോസ്റ്റുകളും പട്രോളിങ് സംഘങ്ങളെയും വിന്യസിച്ചു. അടിയന്തര ഘട്ടങ്ങളിൽ സേവനം ലഭ്യമാക്കാൻ എയർ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഖരീഫ് സീസൺ തുടങ്ങിയതോടെ നിരവധി സഞ്ചാരികളാണ് ഗവർണറേറ്റിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിൽ വർധനയുണ്ടാവുകയും ചെയ്യും. എല്ലാ സഞ്ചാരികൾക്കും സുരക്ഷിതവും സുഗമമവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനാണ് അധികൃതർ സുരക്ഷ നടപടി എടുത്തിരിക്കുന്നത്.
സന്ദർശകർ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും വേഗപരിധിയും പാലിക്കണം. തെരുവുമൃഗങ്ങൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനാൽ റോഡുമാർഗം എത്തുന്നവർ ജാഗ്രത പാലിക്കണം. മരൂഭൂപ്രദേശങ്ങളിലൂടെയുള്ള റോഡുകളിൽ മണലടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതിനാൽ രാത്രികാലങ്ങളിലുള്ള യാത്രയിൽ സൂക്ഷ്മത പുലർത്തണമെന്നും ആർ.ഒ.പി നിർദേശിച്ചു.
നിലവിൽ വിവിധ സ്ഥലങ്ങളിൽ ആർ.ഒ.പിയുടെ പരിശോധന നടക്കുന്നുണ്ട്. ദാഖിലിയ, ദാഹിറ, അൽ വുസ്ത ഗവർണറേറ്റുകളിലെ ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ അവയെ നേരിടാൻ പുതിയ കൺട്രോൾ പോയന്റുകളും സി.ഡി.എ ഒരുക്കിയിട്ടുണ്ട്. തെക്കൻ ശർഖിയയെ അൽ വുസ്ത, ദോഫാർ എന്നിവയുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡിൽ രണ്ട് കൺട്രോൾ പോയന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ദാഖിലിയയെയും ദാഹിറയെയും ദോഫാറുമായി ബന്ധിപ്പിക്കുന്ന റോഡിൽ അഞ്ച് പോയന്റുകളും ഒരുക്കിയിട്ടുണ്ട്. സിവിൽ ഡിഫൻസ്, ആംബുലൻസ് സേവനങ്ങൾ നൽകുന്നതിനായാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഇത്തവണ റോഡുമാർഗം എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് വന്നിട്ടുള്ളത്. അപകടങ്ങള്‍ കുറക്കാന്‍ സഞ്ചാരികള്‍ക്ക് ട്രാഫിക് ബോധവത്കരണവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങളുമായി മുഴുവന്‍ സമയവും രംഗത്തുണ്ട്. ദോഫാറിലെത്തുന്നവർ സന്ദർശന വേളയിൽ സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും യാത്രക്ക് നന്നായി മുന്നൊരുക്കങ്ങൾ നടത്തണമെന്നും നേരത്തെ അധികൃതർ നിർദേശം നൽകിയിരുന്നു.
വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി പരിപാലിക്കുക, ഫസ്റ്റ് എയ്ഡ് ബാഗ് കരുതുക, പ്രവർത്തിക്കുന്ന അഗ്നിശമന ഉപകരണം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സന്ദർശകർ തങ്ങളുടെ റൂട്ടിലെ വിശ്രമമുറികളെയും സർവിസ് സ്റ്റേഷനുകളെയും കുറിച്ച് മുൻകൂട്ടി മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. യാത്രക്കായി അനുയോജ്യമായ സമയം തിരഞ്ഞെടുക്കണം. ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ വിശ്രമിച്ച് യാത്ര തുടരണമെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ കുളങ്ങളിലും ബീച്ചുകളിലും മറ്റും നീന്തരുതെന്നും മുന്നറിയിപ്പിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.