ഖരീഫ്: അവസാനവട്ട ഒരുക്കം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ഖരീഫിനെ വരവേൽക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അവസാനവട്ട ഒരുക്കത്തിൽ അധികൃതർ. രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന സീസണിനെ സ്വീകരിക്കാൻ പഴുതുകളില്ലാത്ത ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഖരീഫ് സീസണിന്റെ വരവറിയിച്ച് ദോഫാർ ഗവർണറേറ്റിന്റെ ഉൾഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ മഴ പെയ്തിരുന്നു. വരുംദിവസങ്ങളിൽ നഗരങ്ങളിലടക്കം മഴ ലഭിക്കുന്നതോടെ താപനില 25 ഡിഗ്രിക്ക് താഴെയെത്തുമെന്നാണ് കരുതുന്നത്. രണ്ടുദിവസങ്ങളായി സലാലയടക്കമുള്ള നഗരങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്. സഞ്ചാരികളെ വരവേൽക്കാനായി അപ്പാർട്മെന്റുകളടക്കം ശുചീകരിക്കുന്ന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്.
വിനോദസഞ്ചാരികളെ സ്വീകരിക്കാനായി വിവിധ വകുപ്പുകൾ എടുത്തുകൊണ്ടിരിക്കുന്ന നടപടികളും മറ്റും ചർച്ച ചെയ്യാനായി സംസ്ഥാന മന്ത്രിയും ദോഫാർ ഗവർണറുമായ സയ്യിദ് മുഹമ്മദ് സുൽത്താൻ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ രണ്ടാഴ്ച മുമ്പ് യോഗം ചേർന്നിരുന്നു. ദോഫാറിലേക്കുള്ള റോഡുകളിലും ഗതാഗതം ക്രമീകരിക്കുന്നതിന് മതിയായ പൊലീസ് സേവനം ഉറപ്പാക്കുക, ഹരിത ഇടങ്ങളും ബീച്ചുകളും സുരക്ഷിതമാക്കുക, സന്ദർശകരുടെ സുരക്ഷ നിലനിർത്തുക തുടങ്ങിയ വിഷയങ്ങളാണ് യോഗം ചർച്ച ചെയ്തത്. ഭവന-താമസ സൗകര്യങ്ങളുടെ ലഭ്യത, സേവന നിലവാരം, സന്ദർശകരെ ഉൾക്കൊള്ളാനുള്ള കഴിവ്, സലാല നഗരത്തിലെയും വിലായത്തുകളിലെയും ഭക്ഷണ ലഭ്യത, ടെലികമ്യൂണിക്കേഷൻ, ടൂറിസ്റ്റ് സൈറ്റുകളിലേക്കുള്ള റോഡുകളുടെ നിലവാരം എന്നിവയും അധികൃതർ വിലയിരുത്തിയിട്ടുണ്ട്.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു യോഗത്തിൽ ചരക്കുകളുടെയും ഭക്ഷ്യ സേവനങ്ങളുടെയും വിതരണം, വാണിജ്യ ബാങ്കുകളുടെ സേവനങ്ങൾ, ഗ്യാസിന്റെ കാര്യക്ഷമത വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു. നിരവധി സർക്കാർ ഏജൻസികളും സ്വകാര്യ മേഖല സ്ഥാപനങ്ങളുമായിരുന്നു യോഗത്തിൽ സംബന്ധിച്ചിരുന്നത്. സീസണുമായി ബന്ധപ്പെട്ട് റോഡുമാർഗം ഗവർണറേറ്റിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വിവിധ വിലായത്തുകളിലെ 134 സ്റ്റേഷനുകളിൽ ഇന്ധനത്തിന്റെ അളവ് വർധിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി എടുത്തുകളഞ്ഞതിനാൽ ഇത്തവണ സഞ്ചാരികളുടെ ഒഴുക്കാണ് ദോഫാറിലേക്ക് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.