ഖരീഫ്: യാത്രക്ക് വേണം കരുതൽ
text_fieldsമസ്കത്ത്: ഖരീഫ് സമയത്ത് സലാലയിലേക്ക് വാഹനമോടിച്ച് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി അധികൃതർ. വരും ദിവസങ്ങളിൽ താപനില കുറയുകയും പെരുന്നാൾ അവധി തുടങ്ങുകയും ചെയ്യുന്നതോടെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും. ആദം-സലാല റൂട്ടിൽ നിരവധി വാഹനങ്ങളെത്തും. ആവശ്യമായ റോഡ് സുരക്ഷ മുൻകരുതലുകളെടുക്കാൻ പ്രത്യേക ബുള്ളറ്റിനുകളുമായി ഒമാൻ കാലാവസ്ഥ വകുപ്പ് രംഗത്തുണ്ട്. സീസണുമായി ബന്ധപ്പെട്ട് എല്ലാവിധ ഒരുക്കവും പൂർത്തിയായിട്ടുണ്ടെന്ന് സി.ഡി.എ.എയും നേരത്തെ അറിയിച്ചിരുന്നു. ദാഖിലിയ, ദാഹിറ, അൽ വുസ്ത ഗവർണറേറ്റുകളിലെ ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ എന്തെങ്കിലും അപകടം ഉണ്ടായാൽ അവയെ നേരിടാൻ പുതിയ കൺട്രോൾ പോയന്റുകളും ഒരുക്കിയിട്ടുണ്ട്. തെക്കൻ ശർഖിയയെ അൽ വുസ്ത, ദോഫാർ എന്നിവയുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡിൽ രണ്ട് കൺട്രോൾ പോയന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ദാഖിലിയയെയും ദാഹിറയെയും ദോഫാറുമായി ബന്ധിപ്പിക്കുന്ന റോഡിൽ അഞ്ച് പോയന്റുകളും ഉണ്ട്. സിവിൽ ഡിഫൻസ്, ആംബുലൻസ് സേവനം നൽകാനാണിത്. യാത്രക്കാർക്ക് സഹായം നൽകാനായി ഫീൽഡ് ടീമുകളെ വിവിധ സ്ഥലങ്ങളിലും കമാൻഡ് സെന്ററുകളിലും നിർത്തിയിട്ടുണ്ടെന്ന് സി.ഡി.എ ഫസ്റ്റ് ലെഫ്റ്റനന്റ് മുസല്ലം അൽ അമ്രി പറഞ്ഞു. ഈ ടീമുകൾ സുരക്ഷ അവബോധം സൃഷ്ടിക്കുന്നതിനും യാത്രക്കാർക്ക് വഴികാട്ടുന്നതിനും പുറമെ, ജീവനും സ്വത്തിനും കേടുപാടുകൾ കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ആളുകളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ വിവരങ്ങൾക്കായി അതോറിറ്റിയുടെ മീഡിയ പ്ലാറ്റ്ഫോമുകളെ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്തവണ ഹോട്ടൽ വ്യവസായ രംഗത്തും പുത്തനുണർവ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷവും കോവിഡിന്റെ പിടിയിലമർന്നതിനാൽ അടഞ്ഞ് കിടക്കുകയായിരുന്നു ഹോട്ടൽ മേഖലയും. മറ്റു മേഖലകളെ പോലെ ഹോസ്പിറ്റാലിറ്റി രംഗവും പുതിയൊരു കുതിപ്പിനായി കാത്തിരിക്കുകയാണ്.
സന്ദർശകർ ഇതിനകം എത്തിത്തുടങ്ങിയിട്ടുണ്ടെന്നും പെരുന്നാൾ അവധി ദിനങ്ങളോടനുബന്ധിച്ച് വരുന്ന വാരാന്ത്യത്തിൽ ആയിരക്കണക്കിന് ആളുകളായിരിക്കും സലാലയിൽ എത്തുകയെന്ന് ഒരു ഹോട്ടലിലെ കസ്റ്റമർ കെയർ ഉദ്യോഗസ്ഥനും ഗൈഡുമായ ഹമൂദ് അൽ അലവി പറഞ്ഞു. വ്യത്യസ്ത ടൂറിസ്റ്റ് പാക്കേജുകളുമായി ഹോട്ടലുകളും ടൂർ ഓപറേറ്റർമാരും ഇതിനകം രംഗത്തുണ്ട്.
ഒരു ദിവസത്തെ ടൂറുകൾ, ഹോട്ടലുകളിൽ ഒരാഴ്ചത്തെ താമസം തുടങ്ങി വ്യത്യസ്തവും ആകർഷകവുമായ ഓഫറുകളാണ് പലരും പ്രഖ്യാപിച്ചത്. എല്ലാ വലിയ ഹോട്ടലുകളും ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നല്ല ബുക്കിങ്ങാണ് കാണിക്കുന്നത്. സാദ, ദഹാരിസ്, സഹൽനട്ട്, ഔക്ദ് തുടങ്ങിയ പ്രദേശങ്ങളിൽ ഫർണിഷ് ചെയ്ത അപ്പാർട്മെന്റുകളും ഇതിനകം വിതരണത്തിലായിട്ടുണ്ട്. ഖരീഫ് സീസണിൽ പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് ഡിമാൻഡ് വളരെ കൂടുതലാണ്. പരമ്പരാഗത ഒമാനി വസ്ത്രങ്ങൾ മുതൽ സ്വർണം, വെള്ളി കരകൗശല വസ്തുക്കൾ, കുന്തിരിക്കം വരെ ഇക്കാലയളവിൽ ധാരാളം വിറ്റുപോകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.