ഖസബിൽ ഇന്നവേഷൻ സെൻറർ; കരാർ ഒപ്പിട്ടു
text_fieldsമസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ വിനോദസഞ്ചാരം, സാങ്കേതിക, സാംസ്കാരിക, വിനോദ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്നവേഷൻ സെൻറർ സ്ഥാപിക്കുന്നതിനായി കരാർ ഒപ്പിട്ടു. സംസ്ഥാന മന്ത്രിയും മുസന്ദം ഗവർണറുമായ സയ്യിദ് ഇബ്രാഹിം അൽ ബുസൈദി, ഊർജ-ധാതു മന്ത്രാലയം (എം.ഇ.എം) അണ്ടർ സെക്രട്ടറി സലിം അൽ ഔഫി, ക്യൂ.ക്യൂയുടെ സി.ഇ.ഒയായ തലാൽ അൽ ഔഫി എന്നിവരാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ, ഓക്സിഡന്റൽ ഒമാൻ, ബി.പി ഒമാൻ, ഒ.ക്യു, ദലീൽ പെട്രോളിയം, സി.സി എനർജി ഡെവലപ്മെന്റ്, എ.ആർ.എ പെട്രോളിയം എന്നിവയുമായി സഹകരിച്ച് എം.ഇ.എമ്മിന്റെ സി.എസ്.ആർ പ്രോഗ്രാം വഴിയാണ് കേന്ദ്രത്തിന്റെ നിർമാണത്തിന് ധനസഹായം നൽകുന്നത്. കമ്പനികൾക്കുവേണ്ടി ഒ.ക്യു ആയിരിക്കും നിർമാണത്തിന് മേൽനോട്ടം വഹിക്കുക. ഖസബിലെ തന്ത്രപ്രധാന സ്ഥലത്ത് 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലായിരിക്കും കേന്ദ്രം സ്ഥാപിക്കുക. 2024ൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രത്തിൽ സാംസ്കാരിക കേന്ദ്രം, റീട്ടെയിൽ ഇടങ്ങൾ, വാട്ടർ സ്പോർട്സ് ക്ലബ് എന്നിവ ഉണ്ടായിരിക്കും.
യുവാക്കൾക്കായുള്ള ഈ പദ്ധതി സർക്കാറും സ്വകാര്യ മേഖലയും തമ്മിൽ പരസ്പരം കൈകോർത്തതിന്റെ ഫലമാണെന്ന് സംസ്ഥാനമന്ത്രിയും മുസന്ദം ഗവർണറുമായ സയ്യിദ് ഇബ്രാഹിം അൽ ബുസൈദി പറഞ്ഞു. സാംസ്കാരിക കേന്ദ്രം കൈകാര്യം ചെയ്യുക സാംസ്കാരിക, കായിക, യുവജന മന്ത്രാലയമായിരിക്കും. ഇന്നൊവേഷൻ സെന്റർ വിദ്യാഭ്യാസ മന്ത്രാലയവും നിയന്ത്രിക്കും. കേന്ദ്രത്തിന്റെ നിക്ഷേപമേഖലകൾ ഗവർണറേറ്റിന്റെ മേൽനോട്ടത്തിലായിരിക്കും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.