ഖസാൻ ഇക്കണോമിക് സിറ്റി റോഡ് തുറന്നു
text_fieldsമസ്കത്ത്: ഒമാന്റെ ലോജിസ്റ്റിക് മേഖലക്ക് കരുത്ത് പകർന്ന് ബാത്തിന എക്സ്പ്രസ്വേയും ഖസാഇന്‍ ഇക്കണോമിക് സിറ്റിയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നാടിന് സമർപ്പിച്ചു. പുതിയ പാത നിർമിച്ചത് ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലാണ്. ഖസാഇന്‍ സിറ്റിയിലേക്ക് യാത്രക്കും ചരക്ക് കടത്തിനും കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാത ഒരുക്കിയത്. ഏഴു കിലോമീറ്ററാണ് റോഡിന്റെ ദൂരം. ബാത്തിന എക്സ്പ്രസ് പാതയിലേക്കുള്ള വഴിയില്‍ വിവിധ എക്സിറ്റുകളും സര്‍വിസ് റോഡുകളിലേക്കുള്ള പ്രവേശനവും പുതിയ റോഡിന്റെ പ്രത്യേകതയാണ്. ഇരുവശങ്ങളിലേക്കും രണ്ടുവരിപ്പാതയായിട്ടാണ് റോഡ് നിർമിച്ചിരിക്കുന്നത്. സുരക്ഷ ബാരിയറുകളും വഴി വിളക്കുകളും റോഡില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം കൊണ്ടാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍കയോട് ചേര്‍ന്നാണ് സംയോജിത സാമ്പത്തിക നഗരമായ ഖസാഇന്‍ സിറ്റി. പൊതുസ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ സംയോജിത സാമ്പത്തിക നഗരമാണിത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം, സുവൈഖ് തുറമുഖം, സുഹാര്‍ തുറമുഖം എന്നിവിടങ്ങളിൽനിന്ന് ഏകദേശം രണ്ടു മണിക്കൂര്‍ ദൂരമുള്ള ബാത്തിന എക്സ്പ്രസ് വേയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോജിസ്റ്റിക്സ്, ഇന്‍ഡസ്ട്രിയല്‍, ഫുഡ്, ഫാര്‍മസ്യൂട്ടിക്കല്‍, ക്ലീന്‍ എനര്‍ജി തുടങ്ങിയ വിവിധ മേഖലകളില്‍ വിവിധ സംരംഭങ്ങളാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.