പൗരാണിക കഥകളുമായി ഖോർ റോറി
text_fieldsമസ്കത്ത്: സലാല സന്ദർശകരുടെ മുഖ്യആകർഷണമാണ് പൗരാണിക സംസ്കാരങ്ങളുടെ ഈറ്റില്ലമായ ഖോർ റോറി അല്ലെങ്കിൽ സംഹറം. ചരിത്രാന്വേഷികൾ ജീവിതത്തിൽ കണ്ടിരിക്കേണ്ട അപൂർവ സ്ഥലങ്ങളിലൊന്നുകൂടിയാണിത്. 1998ൽ യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച ഖോർ റൊറിക്ക് എല്ല പുരാതന സംസ്കാരവുമായും അടുത്ത ബന്ധമുള്ളതായി കണക്കാക്കുന്നു. ലോകത്തിലെ പുരാതന സംസ്കാരങ്ങളായ മെസപ്പൊട്ടേമിയൻ, നൈൽ നദീതട, മെഡിറ്ററേനിയൻ, സിന്ധു നദീതട, ചൈനീസ് സംസ്കാരങ്ങളുമായി ബന്ധമുള്ളതിന്‍റെ നിരവധി തെളിവുകൾ ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്.
എ.ഡി ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രരേഖകളിലും ഖോർ റൊറിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സലാലയിലെ പ്രധാന കയറ്റുമതിയായിരുന്ന കുന്തിരിക്കം മറ്റുരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതും സൂക്ഷിച്ചിരുന്നതും ഇവിടെ ആയിരുന്നു. ഉൽപന്നങ്ങൾ കയറ്റിയയക്കാനും ഇറക്കുമതി ചെയ്യാനും ഉപയോഗിച്ചിരുന്ന തുറമുഖം കൂടിയായിരുന്നു ഖോർ റൊറി.സലാല നഗരത്തിൽനിന്ന് 36 കി.മീ അകലെ മിർബാത്ത് റൂട്ടിലാണ് ഖോർ റൊറി. 1900 ലാണ് ഈ ചരിത്ര നഗരം കണ്ടെത്തിയത്. ഇപ്പോൾ പുരാതന നഗരി സന്ദർശിക്കുന്നവരിൽനിന്ന് പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവേശന സമയം. പ്രവേശന കവാടത്തിൽ ഖോർ റൊറിയുടെ ചരിത്രവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയ ലഘുലേഖകളും മറ്റുമുണ്ട്.
ബി.സി മൂന്നാം നൂറ്റാണ്ടു മുതൽ എ.ഡി അഞ്ചാം നൂറ്റാണ്ടുവരെ ലോകത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രമായിരുന്നു ഇത്. 36 കി.മീ വിസ്തൃതിയിലാണ് ഈ തുറമുഖവും പുരാതന നഗരവും സ്ഥിതി ചെയ്യുന്നത്. ശത്രുക്കളിൽനിന്ന് സംരക്ഷണം നേടാനും മറ്റുമായി 7,000 മീറ്റർ നീളത്തിൽ പണിത മതിലിന്‍റെ അവശിഷ്ടങ്ങളും കാണാം. ഇവിടെയാണ് പ്രധാന കവാടം. നഗരത്തിന്‍റെ വടക്കു ഭാഗത്തും തെക്ക് ഭാഗത്തുമായി ദീർഘ ചതുരാകൃതിയിലുള്ള മുറികളുണ്ട്. വടക്ക് ഭാഗത്ത് നാലും തെക്ക് ഭാഗത്ത് ഏഴും മുറികളാണുള്ളത്. കുന്തിരിക്കം കയറ്റി അയക്കാനും മറ്റുമായി സൂക്ഷിച്ചിരുന്നത് ഇവിടെയാണ്.
നീണ്ട ഇടനാഴിയും അവയോടു ചേർന്ന് രണ്ട് ഭാഗത്തും രണ്ട് മുറികളുമുള്ളതായിരുന്നു സാധാരണ വീടുകൾ. കുന്തിരിക്കം ഉൽപാദനത്തിനും സൂക്ഷിച്ചുവെക്കാനും വീടുകളിൽ സൗകര്യമുണ്ടായിരുന്നു. വിവിധ നിലകളിലായിരുന്നു വീടുകൾ ഒരുക്കിയിരുന്നത്. മുകൾ ഭാഗത്തുള്ള നില താമസത്തിനും താഴ്ഭാഗം വിവിധ ഉൽപന്നങ്ങൾ സൂക്ഷിച്ചുവെക്കാനുമായിരുന്നു ഉപയോഗിച്ചിരുന്നത്. ജല ആവശ്യങ്ങൾക്കായി 24 മീറ്റർ താഴ്ചയിൽ ഒരുക്കിയ കിണറിന് ചുറ്റുമായാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. ഈ മേഖലയിലെ ജനവാസത്തിന് ഏറെ കാലപ്പഴക്കമുള്ളതായാണ് ചരിത്രകാരന്മാർ പറയുന്നത്. ചരിത്രത്തിലും പുരാവസ്തുവിലും താൽപര്യമുള്ള എല്ലാവരും കണ്ടിരിക്കേണ്ട ഒമാനിലെ പ്രധാനപ്പെട്ട സ്ഥലമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.