ആഘോഷമായി കോട്ടയം പ്രവാസി ഉത്സവരാവ്
text_fieldsമസ്കത്ത്: കോട്ടയം പ്രവാസി ഡിസ്ട്രിക്ട് അസോസിയേഷൻ ഒമാൻ സംഘടിപ്പിച്ച കലാ സാംസ്കാരിക പരിപാടിയായ ഉത്സവരാവ് 2024 വർണാഭമായി. കോട്ടയം ജില്ലയുടെ 75ാമത് വാർഷികാഘോഷത്തിനോടനുബന്ധിച്ച് തുടക്കം കുറിച്ച കെ.ഡി.പി.എ ഒമാൻ വാദികബീർ മജാൻ ഹാളിൽ നടത്തിയ പരിപാടിയിൽ പ്രശസ്ത എഴുത്തുകാരൻ പി. സക്കറിയ മുഖ്യാതിഥിയായി. അഭിനേത്രി ആശ അരവിന്ദ്, ആടുജീവിതം സിനിമയിലൂടെ ലോക സിനിമയിൽ ശ്രദ്ധേയനായ താലിബ് അൽബാലുഷി എന്നിവരെ ആദരിച്ചു.
റെജി രാമപുരം, ഡോക്ടർ ബിനീത രഞ്ജിത്ത് ജിൻസ് ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും കോമഡി പരിപാടികളും അരങ്ങേറി. കോട്ടയം പ്രവാസികളുടെ പാട്ടും കെ.ഡി.പി.എ അംഗങ്ങളായ കുട്ടികളുടെയും വനിത വിങിന്റെ നൃത്തങ്ങളും അടങ്ങിയ സംഗീത നൃത്ത രാവിൽ ഏകദേശം 1500ഓളം ജനങ്ങൾ പങ്കെടുത്തു.
കലാ മത്സരത്തിലെ വിജയികളായ കുട്ടികൾക്ക് ട്രോഫികളും വിതരണം ചെയ്തു. പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. വനിത വിങ് സെക്രട്ടറി സബിത ലിജോ സംസാരിച്ചു. സെക്രട്ടറി പി.ആർ. അനിൽ സ്വാഗതവും കൾച്ചർ വിങ് സെക്രട്ടറി വരുൺ ഹരിപ്രസാദ് നന്ദിയും പറഞ്ഞു.
താലപ്പൊലിയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തുടക്കം കുറിച്ച പരിപാടിയിൽ രാജേഷ് ഡാൻസ് അക്കാദമിയും കെ.ഡി.പി.എ അംഗങ്ങളും ഒത്തുചേർന്ന് നടത്തിയ ഡാൻസുകളും കാണികൾക്ക് ദൃശ്യമനോഹര അനുഭവം സമ്മാനിച്ചു.
കോട്ടയം ജില്ലയെക്കുറിച്ച് അസോസിയേഷൻ നിർമിച്ച തീം ദൃശ്യഗാനത്തിന്റെ രചന നിർവഹിച്ചത് വിനോദ് പെരുവാണ്. ജിൻസ് ഗോപിനാഥ് സംഗീതം ആലപിക്കുകയും വരികൾക്കൊപ്പം കോട്ടയം ജില്ലയുടെ മനോഹര ദൃശ്യങ്ങൾ ഉൾപ്പെടുത്തി മനോഹരമാക്കിയതിനു പിന്നിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ രാകേഷ് വായ്പ്പൂരും സുരേഷ് കുമാറും ആണ്. കോട്ടയം അസോസിയേഷനിൽ ചേരാനായി +968 9978 0693 എന്ന നമ്പറിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ കെ.ഡി.പിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ ലഭ്യമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.