പ്രിയ നടിയുടെ മധുരോർമകളിൽ പ്രവാസികൾ
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ നടി കെ.പി.എ.സി. ലളിതയുടെ മധുരോർമകളിൽ മസ്കത്തിലെ മലയാളികൾ. 2015ൽ 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച 'മധുരമെൻ മലയാളം' പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അവർ അവസാനമായി മസ്കത്തിലെത്തിയത്.
സമ്പന്നമായ സുൽത്താൻ നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന് മലയാളി പരിവേഷം പകർന്ന് നടന്ന പരിപാടിയിൽ രമേഷ് പിഷാരടി, മഞ്ജുപിള്ള, നസീർ സംക്രാന്തി, യൂസുഫ്, വിനു തുടങ്ങിയവരുടെ കൂടെ അവതരിപ്പിച്ച സ്കിറ്റ് ചിരിയോടൊപ്പം ചിന്തയും പകർന്ന് നൽകുന്നതായിരുന്നു. ഭാഷ എന്നത് കേവലം അക്ഷരങ്ങൾ മാത്രമല്ല മറിച്ച് അത് വെളിവാക്കുന്നത് നാടിന്റെ സാംസ്കാരിക മൂല്യം കൂടിയാണെന്ന് സദസ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു ഹാസ്യപരിപാടി.
ഖുറം ആംഫി തിയറ്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗൾഫ് മാധ്യമത്തിന്റെ ആദരം അവർ ഏറ്റുവാങ്ങുകയും ചെയ്തു. അന്നത്തെ മാധ്യമം അസി. എക്സി. എഡിറ്റർ പി.ഐ. നൗഷാദും സുഹൂൽ അൽ ഫൈഹ ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദും ചേർന്നാണ് ഉപഹാരം സമർപ്പിച്ചത്. മലയാള ഭാഷയുടെ വളർച്ചക്കായി 'ഗൾഫ് മാധ്യമം' നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അവർ പറഞ്ഞു. പരിപാടിക്ക് രണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്നെ എത്തിയ പ്രിയ നടി സജീവമായി തന്നെ റിഹേഴ്സൽ ക്യാമ്പുകളിലും പങ്കെടുത്തിരുന്നു.
കെ.പി.എ.സി. ലളിതയുടെ നിര്യാണത്തിൽ അനുശോചിച്ചു
മസ്കത്ത്: അഭിനയപാടവം കൊണ്ട് മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ കെ.പി.എ.സി. ലളിതയുടെ നിര്യാണത്തിൽ ഒമാനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ അനുശോചിച്ചു. ലളിതയുടെ മരണം മലയാള സിനിമക്ക് നികത്താവാനാത്ത വിടവാണെന്നും വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം
മലയാള സിനിമയുമായി വേർപിരിക്കാനാകാത്ത ബന്ധം സ്ഥാപിച്ച കെ.പി.എ.സി. ലളിത മലയാളികളുടെ വീട്ടിലെ ഒരംഗമായി സ്ഥാനം പിടിച്ചു. കമ്യൂണിസ്റ്റ് നാടകവേദിയായ കെ.പി.എ.സിയിലെ നടിയായാണ് അവർ കലാജീവിതത്തിലേക്ക് കടന്നുവന്നത്. പിന്നീട് മലയാള സിനിമരംഗം അവർ കീഴടക്കുകയായിരുന്നു. വൈവിധ്യങ്ങളായ നിരവധി പകർന്നാട്ടങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ സാധിച്ചു. ഉള്ള് നീറുമ്പോഴും അഭ്രപാളികളിൽ നമ്മെ ചിരിപ്പിച്ച മഹാപ്രതിഭയായിരുന്നു കെ.പി.എ.സി ലളിത. മലയാള സിനിമയിൽ അഭിനയമികവു കൊണ്ട് പകരം വെക്കാനില്ലാത്ത സ്ഥാനം കരസ്ഥമാക്കിയാണ് അവർ അരങ്ങൊഴിയുന്നത്.
ഒ.ഐ.സി.സി അഡ്ഹോക് കമ്മിറ്റി
കെ.പി.എ.സിയിലൂടെ നാടകരംഗത്തുനിന്ന് സിനിമരംഗത്തുവന്ന അനശ്വരനടിയായിരുന്നു കെ.പി.എ.സി. ലളിത. അതുല്യ കലാകാരിയുടെ വേർപാട് സാംസ്കാരികരംഗത്തിന് വലിയ നഷ്ടമാണ്. ഓൺലൈൻ ചേർന്ന അനുസ്മരണയോഗത്തിൽ ഒ.ഐ.സി.സി അഡ് ഹോക് കമ്മിറ്റിയുടെ പ്രസിഡന്റ് സജി ഔസഫ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഭാരവാഹികളായ ഹൈദ്രോസ് പുതുവന, പുരുഷോത്തമൻ നായർ, എം.ജെ. സലിം, നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കൽ, ബിനേഷ് മുരളി എന്നിവർ പങ്കെടുത്തു.
മസ്കത്ത് ഇന്ത്യൻ മീഡിയ ഫോറം
കെ.പി.എ.സി. ലളിത മലയാള സിനിമയിലെ സ്വഭാവനടിമാരിൽ പകരം വെക്കാനില്ലാത്ത കലാകാരിയാണ്. അവരുടെ നിര്യാണം കലാ ലോകത്തിനു തീരാനഷ്ടമാണെന്നും മീഡിയ ഫോറം ഭാരവാഹികളായ കബീർ യൂസഫ്, ജയകുമാർ വള്ളിക്കാവ്, അബാദ് ചെറൂപ്പ, മുഹമ്മദ് ഇഖ്ബാൽ എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
പ്രവാസി വെൽഫെയർ ഒമാൻ
മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച കെ.പി.എ.സി. ലളിത എന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച് തിരശ്ശീലക്ക് പിന്നിൽ മറയുമ്പോൾ സ്വന്തം വീട്ടിലെ ഒരംഗം യാത്ര പറഞ്ഞുപോയത് പോലെയാണ് അനുഭവപ്പെടുന്നത്.
2015ൽ 'ഗൾഫ് മാധ്യമം' മസ്കത്തിൽ സംഘടിപ്പിച്ച 'മധുരമെൻ മലയാളം' പരിപാടിയിൽ കെ.പി.എ.സി. ലളിത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.