ആഘോഷപ്പൊലിമയിൽ ഒമാൻ; കൃഷിക്കൂട്ടം വിളവെടുപ്പുത്സവം
text_fieldsമസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ പ്രവാസി കൃഷിക്കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടത്തിന്റെ എട്ടാമത് വിളവെടുപ്പുത്സവം ബർക്കയിലെ ഹൽബാൻ ഫാമിൽ കഴിഞ്ഞ ദിവസം നടന്നു. കേരള സർക്കാറിന്റെ നെൽകൃഷിക്കുള്ള മികച്ച കർഷക അവാർഡ് നേടിയ സിനിമ സീരിയൽ നടൻ കൃഷ്ണപ്രസാദ് മുഖ്യാതിഥിയായി.
കുലച്ചു നിൽക്കുന്ന വാഴകളും ചെന്തെങ്ങിൻ കുലകളും കുരുത്തോല പന്തലും എല്ലാം നാട്ടിലെ കാർഷികോത്സവത്തെ അനുസ്മരിപ്പിക്കുന്നതായി. കുളിർമയേകുന്ന കാഴ്ചയായി ഒമാൻ കൃഷിക്കൂട്ടം അംഗങ്ങളുടെ തോട്ടങ്ങളിൽനിന്ന് വിളവെടുത്ത പച്ചക്കറികളുടെ പ്രദർശനവും ഒരുക്കിയിരുന്നു. ഉറിയടി, വടം വലി തുടങ്ങിയ മത്സരങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി. മസ്കത്തിലെ നാടൻപാട്ട് കൂട്ടായ്മയായ ഞാറ്റുവേലക്കൂട്ടം അവതിപ്പിച്ച നാടൻപാട്ട് പരിപാടിക്ക് മികവേകി. ഒമാൻ കൃഷിക്കൂട്ടം അഡ്മിൻ ഷൈജു വേതോട്ടിൽ അധ്യക്ഷത വഹിച്ചു.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ അഷ്റഫ് ആശംസ പറഞ്ഞു. ഒമാൻ കൃഷിക്കൂട്ടം മാതൃക കർഷക/കർഷകൻ അവാർഡ് വിതരണവും ചടങ്ങിൽ നടന്നു. ഒമാനിൽ മുന്തിരിക്കൃഷിയുടെ സാധ്യതകൾ തെളിയിച്ച സുനി ശ്യാമിനെ കൃഷ്ണപ്രസാദ് പൊന്നാടയണിയിച്ചു.
സുനിയുടെ കൃഷിരീതികളെ പറ്റി ഇ.എം. അഷ്റഫ് എഴുതിയ ‘അറേബ്യൻമണ്ണിലെ മലയാളി കർഷകർ’ എന്ന പുസ്തകം വിശിഷ്ടാതിഥിക്ക് കൈമാറി. സന്തോഷ് വർഗീസ് സ്വാഗതവും ഷഹനാസ് അഷ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.